വിമാന കമ്പനികൾ സർവീസുകൾ വെട്ടിക്കുറച്ചു, വെട്ടിലായി സൗദിയിലെ പ്രവാസികൾ
എയർ ഇന്ത്യ എക്സ്പ്രസും, ഇൻഡിഗോയുമാണ് സർവീസ് നിർത്തിയത്.

ദമ്മാം: വിമാന കമ്പനികൾ സർവീസുകൾ വെട്ടികുറച്ചതോടെ വെട്ടിലായി സൗദിയിൽ നിന്നുള്ള പ്രവാസികൾ. എയർ ഇന്ത്യ എക്സ്പ്രസും, ഇൻഡിഗോയും ഉൾപ്പെടെയുള്ള വിമാന കമ്പനികളാണ് ശൈത്യകാല സർവീസുകളിൽ വലിയ കുറവ് വരുത്തിയത്. ദമ്മാം- കണ്ണൂർ സെക്ടറിലെ സർവീസ് പൂർണമായും നിലച്ചു. ഇതോടെ വടക്കൻ മലബാറിലേക്കുള്ള യാത്രക്കാർ വീണ്ടും കോഴിക്കോടിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പൊടുന്നനെയുള്ള വിമാന കമ്പനികളുടെ നടപടിയെ തുടർന്ന് പ്രതിഷേധം ശക്തമാക്കുകയാണ് പ്രവാസികൾ. ആദ്യം എയർ ഇന്ത്യയാണ് സർവീസ് നിർത്തലാക്കിയത്. തുടർന്ന് ഇൻഡിഗോയും സർവീസുകൾ അവസാനിപ്പിക്കുകയായിരുന്നു.
കണ്ണൂരിന് പുറമേ കൊച്ചിയിലേക്കും, തിരുവനന്തപുരത്തേക്കുമുള്ള സർവീസുകളിലും എയർ ഇന്ത്യ എക്സ്പ്രസ് കുറവ് വരുത്തിയിട്ടുണ്ട്. ഇൻഡിഗോയുടെ ദമ്മാം- കോഴിക്കോട് സർവീസും നിർത്തിവെച്ചു. ഓഫ് സീസണിൽ സർവീസുകൾ ലാഭകരമാകില്ലെന്ന് കണ്ടാണ് കമ്പനികളുടെ പിൻമാറ്റമെന്നാണ് കരുതുന്നത്. കേരളത്തിന് പുറമേ തമിഴ്നാട് ചെന്നൈ, തൃച്ചി സർവീസുകളും എയർ ഇന്ത്യ നിർത്തലാക്കിയിട്ടുണ്ട്.
Adjust Story Font
16

