അൽഉലാ ട്രെയിൽ റേസ് ഇന്ന് മുതൽ
നാളെയാണ് സമാപനം

റിയാദ്: സൗദിയിലെ അൽ ഉലാ ട്രെയിൽ റേസ് ജനുവരി 22 മുതൽ 23 വരെ നടക്കും. അൽ ഉലായുടെ പ്രകൃതിദൃശ്യങ്ങൾ കണ്ട് വെല്ലുവിളികൾ നിറഞ്ഞ പുരാതന പൈതൃക സ്ഥലങ്ങളിലൂടെ ഓടാനുള്ള അവസരമാണ് റേസിലൂടെ ലഭിക്കുക. വിവിധ വിഭാഗങ്ങൾക്കായി നിരവധി മത്സരങ്ങളാണ് 2026 പതിപ്പിലുള്ളത്. ആദ്യമായി ഓടുന്നവർ മുതൽ വിദഗ്ധ അത്‌ലറ്റുകൾ വരെയുള്ളവർക്ക് പങ്കെടുക്കുന്നുണ്ട്.
അഞ്ച് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള സൺസെറ്റ് റേസ്, കിഡ്‌സ് റൺ (1.6 കിലോമീറ്റർ), 13 വയസ്സും അതിൽ കൂടുതലുമുള്ള ഓട്ടക്കാർക്കുള്ള റൺ (3 കിലോമീറ്റർ), ജനറൽ വിഭാഗത്തിന് 10 കിലോമീറ്റർ ട്രയൽ റൺ, കൂടുതൽ പരിചയസമ്പന്നരായ അത്‌ലറ്റുകൾക്ക് 50 കിലോമീറ്റർ റേസ്, ഏറ്റവും സ്ഥിരതയുള്ളതും വൈദഗ്ധ്യമുള്ളതുമായ ഓട്ടക്കാർക്കായി 100 കിലോമീറ്റർ റേസ് എന്നിങ്ങനെയാണ് റേസുകൾ. എല്ലാ റൂട്ടുകളും ഓൾഡ് ടൗണിലാണ് അവസാനിക്കുക. 50 കിലോമീറ്റർ ഓട്ടത്തോടെയാണ് റേസ് ആരംഭിക്കുന്നത്. കുട്ടികളുടെ ഓട്ടം, കായിക പ്രകടനങ്ങൾ എന്നിവയും നടക്കും. നാളെയാണ് 100 കിലോമീറ്റർ ഓട്ടം നടക്കുക, തുടർന്ന് 10 കിലോമീറ്റർ ഓട്ടവും നടക്കും, അവാർഡ് ദാന ചടങ്ങും മെഡൽ വിതരണവും അരങ്ങേറും.
Adjust Story Font
16

