സൗദിയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 1.9 ശതമാനമായി ഉയർന്നു
വാടക വർധനവ് പ്രധാന കാരണം

റിയാദ്: സൗദിയിലെ വാർഷിക പണപ്പെരുപ്പ നിരക്ക് 2025 നവംബറിൽ 1.9% ആയി രേഖപ്പെടുത്തി. മുൻ വർഷം ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വർധനവെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. പ്രധാനമായും വാടകയിലുണ്ടായ വർധനവാണ് ഉപഭോക്തൃ വില സൂചിക ഉയരാൻ കാരണമായത്. വാസസ്ഥലം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ തുടങ്ങിയവയുടെ വിലയിൽ 4.3% വർധനവുണ്ടായി. ഇതിൽ യഥാർഥ ഭവന വാടക 5.4% വർധിച്ചത് പണപ്പെരുപ്പത്തിന് കാര്യമായ സ്വാധീനം ചെലുത്തി. കൂടാതെ, ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും വില 1.3 ശതമാനവും, ഗതാഗത ചെലവുകൾ 1.5 ശതമാനവും വർധിച്ചു. വ്യക്തിഗത പരിചരണം, സാമൂഹിക സുരക്ഷ, മറ്റ് സേവനങ്ങൾ എന്നീ വിഭാഗങ്ങളിൽ 6.6% വിലവർധനവ് രേഖപ്പെടുത്തി. ആഭരണങ്ങൾ, വാച്ചുകൾ എന്നിവയുടെ വിലയിലുണ്ടായ 21.6% വർധനവും ഹോളിഡേ പാക്കേജുകളുടെ വിലയിലുണ്ടായ 2.1% വർധനവും പണപ്പെരുപ്പത്തെ സ്വാധീനിച്ച പ്രധാന ഘടകങ്ങളാണ്.
നവംബറിൽ ഫർണിച്ചർ, വീട്ടുപകരണങ്ങൾ, ഗാർഹിക പരിപാലനം എന്നിവയുടെ വില 3.3% കുറഞ്ഞു. റസ്റ്റോറന്റുകളിലെയും താമസസ്ഥലങ്ങളിലെയും സേവനങ്ങളുടെ വില 0.5% കുറഞ്ഞതും ഉപഭോക്താക്കൾക്ക് ആശ്വാസമായി. മാസാവസാന കണക്കുകൾ പരിശോധിക്കുമ്പോൾ, ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ ഉപഭോക്തൃ വില സൂചികയിൽ 0.1% മാത്രമാണ് നേരിയ വർധനവ് രേഖപ്പെടുത്തിയത്. ഇത് പ്രധാനമായും ഭവന വാടകയിലെ വർധനവ് മൂലമാണ്. അതേസമയം, ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും വില 0.2% കുറയുകയും ചെയ്തു. ഫർണിച്ചർ, വിദ്യാഭ്യാസം, വസ്ത്രം, പാദരക്ഷകൾ തുടങ്ങിയ വിഭാഗങ്ങളിലെ വിലകളിൽ കാര്യമായ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
.
Adjust Story Font
16

