ബിനാമി വിരുദ്ധ നടപടി: സൗദിയില്‍ 450ല്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
തസാത്തുര്‍ പ്രോഗ്രാം വഴി ബന്ധിപ്പിച്ച് വിവിധ ഏജന്‍സികളുടെ സഹായത്തോടെയാണ് ബിനാമി ഇടപാടുകള്‍ കണ്ടെത്തുന്നത്

സൗദി: ബിനാമി വിരുദ്ധ നടപടികളുടെ ഭാഗമായി ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത 450ലധികം കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇതുവരെയായി കണ്ടെത്തിയ 450ല്‍പരം ബിനാമി വിരുദ്ധ കേസുകള്‍ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ വെളിപ്പെടുത്തി.
തസാത്തുര്‍ പ്രോഗ്രാം വഴി ബന്ധിപ്പിച്ച് വിവിധ ഏജന്‍സികളുടെ സഹായത്തോടെയാണ് ബിനാമി ഇടപാടുകള്‍ കണ്ടെത്തുന്നത്. ഇതിനായി ഈ വര്‍ഷം ഒരു ലക്ഷത്തി ഇരുപത്തിയേഴായിരത്തിലധികം ഫീല്‍ഡ് പരിശോധനകള്‍ സംഘടിപ്പിച്ചു. ബിനാമി നിയമം ലംഘിച്ച 646 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഇത് വഴി പതിനാല് ദശലക്ഷം റിയാലിലധികം പിഴയായി ഈടാക്കി. സ്ഥാപനങ്ങളുടെ ഇടപാടുകളും ലൈസന്‍സ് രേഖകളും നേരിട്ട് പരിശോധിച്ചും ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെ ആധികാരികത ഉറപ്പ് വരുത്തിയുമാണ് പരിശോധനകള്‍ സംഘടിപ്പിക്കുന്നത്. ബിനാമി വിരുദ്ധ നടപടിയുടെ ഭാഗമായി സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമില്‍ ഏകീകരിച്ചതായും മന്ത്രാലയം അറിയിച്ചു.
Adjust Story Font
16

