സൗദിയില്‍ അഴിമതി വിരുദ്ധ നടപടി: മന്ത്രാലയ ഉദ്യോഗസ്ഥരടക്കം നിരവധി പേർ പിടിയില്‍
ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്താണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. നൂറ് കണക്കിന് മില്യണ്‍ റിയാലിന്റെ അനധികൃത ഇടപാടുകളെ തുടര്‍ന്നാണ് നടപടി.

അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി സൗദിയിൽ മന്ത്രാലയ ഉദ്യോഗസ്ഥരടക്കം നിരവധി പേർ പിടിയിലായി. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്താണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. നൂറ് കണക്കിന് മില്യണ്‍ റിയാലിന്റെ അനധികൃത ഇടപാടുകളെ തുടര്‍ന്നാണ് നടപടി.
സൗദി ആന്റി കറപ്ഷന്‍ അതോറിറ്റി അഥവ നസഹയാണ് പുതിയ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. അതോറിറ്റിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണിത്. പരിശോധനകൾക്ക് ശേഷമായിരുന്നു അറസ്റ്റ്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഗാര്‍ഡിലെ പ്രൊജക്ടുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ഉന്നത ഉദ്യോഗസ്ഥൻ കുടുങ്ങിയത്.
ഇതിൽ ഒരു മേജര്‍ ജനറല്‍ ഉള്‍പ്പെടെ മന്ത്രാലയത്തിലെ നാല് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഉടമയില്‍ നിന്നും ഇവർ പങ്കുപറ്റിയതായി കണ്ടെത്തി. ഇതിന് പുറമെ, വിദേശ കമ്പനിയില്‍ നിന്നും 212 മില്യണ്‍ റിയാല്‍ കൈപ്പറ്റിയതായും അതോറിറ്റി അറിയിച്ചു. സർക്കാർ പദ്ധതികളില്‍ നിര്‍ദ്ദേശിക്കപ്പെട്ട അളവുകളും പ്രത്യേക നിബന്ധനകളും ഇളവ് ചെയ്ത് നല്‍കിയതിനാണ് മറ്റൊരാളുടെ അറസ്റ്റ്. 24 മില്യണ്‍ റിയാല്‍ കൈപ്പറ്റിയ പ്രൊജക്ട് മേധാവിയെ പ്രതി ചേര്‍ത്ത് അന്വേഷണം ആരംഭിച്ചതായും നസഹ വെളിപ്പെടുത്തി.
രാജ്യത്തെ സര്‍വകലാശാലാ പ്രൊജക്ട് നേടുന്നതിന് കൃത്രിമ രേഖ തയ്യാറാക്കിയതിന് ഒരു സ്ഥാപനത്തിലെ മേധാവികളും പിടിയിലായി. സൗദി കിരീടാവകാശിയുടെ കീഴിൽ അഴിമതി വിരുദ്ധ നടപടി ശക്തമായി തുടരുകയാണ്.
Adjust Story Font
16

