സൗദിയിലെ ഹൈ സ്പീഡ് ട്രെയിൻ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു
പൊതു സ്വകാര്യ കമ്പനികൾക്ക് അപേക്ഷിക്കാം

റിയാദ്: സൗദിയിലെ ഖിദ്ദിയ്യ നഗരത്തേയും റിയാദ് വിമാനത്താവളത്തേയും ബന്ധിപ്പിക്കുന്ന ഹൈ സ്പീഡ് ട്രെയിൻ പദ്ധതി ആരംഭിക്കുന്നു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയിലേക്ക് കമ്പനികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നവംബർ മുപ്പതാണ് അവസാന തിയതി. മണിക്കൂറിൽ 250 കി.മീ വേഗത്തിലാകും ട്രെയിൻ യാത്ര.
ലോകത്തിലെ ഏറ്റവും വലിയ വിനോദ നഗരമാകാൻ ഒരുങ്ങുകയാണ് ഖിദ്ദിയ്യ. റിയാദിലെ മക്ക റോഡിലാണ് ഖിദ്ദിയ്യ പ്രദേശം. വിനോദ നാഗരിക്കൊപ്പം കായിക മേഖലയും ഈ പ്രദേശത്തുണ്ടാകും. 2034 വേൾഡ് കപ്പിനുള്ള സ്റ്റേഡിയവും ഇവിടെ ഒരുങ്ങുന്നുണ്ട്. ഫോർമുല വൺ ഉൾപ്പെടെയുള്ള ഇതര കായിക വിനോദ പരിപാടികൾക്കും പദ്ധതി പ്രദേശം മേഖലയാകും. ഇതിനെയും, റിയാദിലെ കിംഗ് അബ്‌ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്ടിനെയും, വിമാനത്താവളത്തേയും ബന്ധിപ്പിക്കുന്നതാണ് അതിവേഗ ട്രെയിൻ പദ്ധതി. പദ്ധതിയിൽ പങ്കാളിയാകാൻ കമ്പനികൾക്കുള്ള അപേക്ഷകളാണ് നിലവിൽ ക്ഷണിച്ചിരിക്കുന്നത്. പദ്ധതി നടപ്പിലായാൽ മുപ്പത് മിനിറ്റ് കൊണ്ട് ഖിദ്ദിയ്യയിൽ നിന്നും റിയാദ് വിമാനത്താവളത്തിലെത്താം. റിയാദിൽ നിലവിലുള്ള മെട്രോ ട്രെയിൻ പദ്ധതിക്ക് പുറമേയാണിപ്പോൾ അതിവേഗ ട്രെയിൻ കൂടി എത്തുന്നത്.
Adjust Story Font
16

