സിബിഎസ്ഇ പരീക്ഷാഫലം: ജുബൈൽ ഇന്ത്യൻ സ്‌കൂളിന് ഉജ്ജ്വല വിജയം
പത്താം ക്ലാസ്സിൽ നൂറു ശതമാനം വിജയം നേടിയപ്പോൾ, പ്ലസ് ടു പരീക്ഷകളിൽ 96 ശതമാനം വിദ്യാർത്ഥികളും വിജയം നേടി

ദമ്മാം: കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കി ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ജുബൈൽ. പത്താം ക്ലാസ്സിൽ നൂറു ശതമാനം വിജയം നേടിയപ്പോൾ, പ്ലസ് ടു പരീക്ഷകളിൽ 96 ശതമാനം വിദ്യാർത്ഥികളും വിജയം നേടി സ്‌കൂളിന് അഭിമാനമായി.
പ്ലസ് ടു തലത്തിൽ സയൻസ്, കൊമേഴ്‌സ് വിഭാഗങ്ങളിലായി 317 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 27 വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. സയൻസ് സ്ട്രീമിൽ ശിവാനി കാർത്തിക് 97.2 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനത്തും, താനിയ ഉർവിഷ് കുമാർ ദോശി, ആയിഷ സൈദ് പട്ടേൽ എന്നിവർ 96.2 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനത്തും, ശ്രോദ് അമിഷ് പരേഖ് 96 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനത്തും എത്തി. കൊമേഴ്‌സ് വിഭാഗത്തിൽ അമീന നുമ 93.6 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനവും, രോഹിണി സാമന്ത 93.2 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും, കുൽസൂം റാസ 90 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥികളും ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. അരീബ ഫാത്തിമ (ഇംഗ്ലീഷ്), ആയിഷ സൈദ് പട്ടേൽ (കെമിസ്ട്രി), ശിവാനി കാർത്തിക്, അലൻ ടെറി (കമ്പ്യൂട്ടർ സയൻസ്), മർവ ബർകത്, ആയിഷ സാക്കിർ ഹുസൈൻ (ഹോം സയൻസ്) എന്നിവരാണ് നൂറിൽ നൂറ് മാർക്ക് നേടിയത്.
പത്താം ക്ലാസ് പരീക്ഷയിൽ സ്‌കൂൾ സമ്പൂർണ്ണ വിജയം നേടി. പരീക്ഷയെഴുതിയ 407 വിദ്യാർത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി. ഇതിൽ 89 വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി തിളങ്ങി. അഫ്ഷീൻ ഇഖ്ബാൽ 99.4 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനത്തും, സോഹം അമിത് ജോഷി 97.8 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനത്തും, മോക്ഷ അന്ന സാം, നിംന നസീർ എന്നിവർ 96.6 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനത്തും എത്തി.
പത്താം ക്ലാസ്സിലെ വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്ക് നേടിയ വിദ്യാർത്ഥികളും മികച്ച പ്രകടനം കാഴ്ചവെച്ചു. അഫ്ഷീൻ ഇഖ്ബാൽ (ഇംഗ്ലീഷ്, ഉറുദു, സയൻസ്), റിയോൺ ഡിസൂസ (മാത്തമാറ്റിക്‌സ്), സോഹം അമിത് ജോഷി (സയൻസ്), നിംന നസീർ (മലയാളം), മൈഷ സിദ്ധിഖ്, ഫാലിഷ മർയം സുബുഹാൻ (അറബിക്) എന്നിവരാണ് അതത് വിഷയങ്ങളിൽ നൂറിൽ നൂറ് മാർക്ക് നേടിയത്.
Adjust Story Font
16

