സൗദിയിലേക്ക് ചൈന ഒഴുക്കിയത് 4,000 കോടി റിയാൽ; ഗൾഫ് വിപണിയിൽ സംഭവിക്കുന്നത് എന്ത്?
43 മുൻനിര കമ്പനികൾ തങ്ങളുടെ മേഖലാ ആസ്ഥാനം തന്നെ സൗദിയിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്

റിയാദ്: സൗദിയും ചൈനയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു. സൗദിയിലെ ചൈനീസ് നിക്ഷേപങ്ങളുടെ ആകെ മൂല്യം 2025 അവസാനത്തോടെ ഏകദേശം 4,000 കോടി റിയാലിൽ എത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 27 ശതമാനത്തിന്റെ വൻ വർധനവാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്. ചൈനയിലെ സിയാമെനിൽ നടക്കുന്ന ചൈന ഇന്റർനാഷണൽ ഫെയർ ഫോർ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ട്രേഡ് സമ്മേളനത്തിൽ സംസാരിക്കവെ സൗദി നിക്ഷേപകാര്യ സഹമന്ത്രി ഇബ്രാഹിം അൽ മുബാറക്കാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. നിലവിൽ 1,900ലധികം ചൈനീസ് കമ്പനികൾ സൗദി വിപണിയിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 43 മുൻനിര കമ്പനികൾ തങ്ങളുടെ പശ്ചിമേഷ്യൻ മേഖലാ ആസ്ഥാനം തന്നെ സൗദിയിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2025ൽ 11,500 കോടി ഡോളർ എന്ന റെക്കോർഡ് തലത്തിലെത്തിയതായും സഹമന്ത്രി വ്യക്തമാക്കി. സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ന് ചൈന, ഒപ്പം പശ്ചിമേഷ്യയിൽ ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി സൗദിയും തുടരുന്നു. സൗദി കിരീടാവകാശിയുടെ വിഷൻ 2030 പദ്ധതിയും ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് സംരംഭവും തമ്മിലുള്ള കൃത്യമായ ഏകോപനമാണ് ഈ നേട്ടങ്ങൾക്ക് കരുത്തുപകരുന്നത്.
സാമ്പത്തിക ഇടപാടുകൾക്ക് പുറമെ സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളിലും സൗദി-ചൈന സൗഹൃദം കൂടുതൽ ശക്തമാവുകയാണ്. ഇതിന്റെ ഭാഗമായി സൗദിയിലെ പൊതുവിദ്യാലയങ്ങളിൽ ചൈനീസ് ഭാഷാപഠനം ഔദ്യോഗികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാഷ വെറുമൊരു ആശയവിനിമയ ഉപാധി മാത്രമല്ലെന്നും രണ്ട് സംസ്‌കാരങ്ങളെ തമ്മിൽ കൂട്ടിയിണക്കുന്ന പ്രധാന പാലമാണെന്നും സഹമന്ത്രി ഓർമിപ്പിച്ചു. പരമ്പരാഗത നിക്ഷേപങ്ങൾക്കപ്പുറം പുതിയ സാങ്കേതികവിദ്യകൾ സ്വായത്തമാക്കുക, വ്യവസായ വികസനം, വിതരണ ശൃംഖലകളുടെ ശാക്തീകരണം എന്നിവയിലാണ് വരുംനാളുകളിൽ ഇരുരാജ്യങ്ങളും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അതോടൊപ്പം സൗദിയിലെ പ്രമുഖ കമ്പനികൾ ചൈനയിലെ ഊർജ, പെട്രോകെമിക്കൽ മേഖലകളിൽ നടത്തുന്ന നിക്ഷേപങ്ങളും ഭാവിയിൽ കൂടുതൽ വിപുലമാക്കുമെന്നും സൗദി വ്യക്തമാക്കി. സൗദി സമ്പദ്വ്യവസ്ഥയിൽ എണ്ണയിതര വരുമാനത്തിന് വലിയ പ്രാധാന്യം ലഭിക്കുന്ന കാലഘട്ടമാണിത്. 2025ൽ സൗദിയുടെ യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 55 ശതമാനവും എണ്ണയിതര മേഖലകളിൽ നിന്നാണ് ലഭിച്ചത്. വിഷൻ 2030ന്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിലേക്ക് രാജ്യം പ്രവേശിച്ചതോടെ കൂടുതൽ അന്താരാഷ്ട്ര നിക്ഷേപകരെ സ്വാഗതം ചെയ്യുകയാണ് സൗദി ഭരണകൂടം.
Adjust Story Font
16

