ഈ മരുന്ന് ആളെ കൊല്ലില്ല; 'കൊളസ്ട്രോൾ കുറയ്ക്കുന്ന സ്റ്റാറ്റിൻ മരുന്നുകൾ സുരക്ഷിതം’
സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണത്തിന് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ മറുപടി

റിയാദ്: കൊളസ്ട്രോൾ കുറയ്ക്കുന്ന സ്റ്റാറ്റിൻ മരുന്നുകൾക്കെതിരെയുള്ള വ്യാജപ്രചരണങ്ങൾക്ക് മറുപടിയുമായി സൗദി ആരോഗ്യ മന്ത്രാലയം. പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാന രഹിതമാണെന്നും രോഗികൾ മരുന്ന് കഴിക്കുന്നത് തുടരണമെന്നും മന്ത്രാലയം അറിയിച്ചു. സ്റ്റാറ്റിൻ മരുന്നുകൾ ഉൾപ്പെടുന്ന കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള മരുന്നുകളെല്ലാം പ്രാദേശിക, അന്തർദേശീയ അധികാരികൾ അംഗീകരിച്ചതാണ്.
ആരോഗ്യവിദഗ്ധരുടെ നിർദേശങ്ങളില്ലാതെയുള്ള സ്വയം തീരുമാനങ്ങൾ രോഗികളെ അപകടാവസ്ഥയിലെത്തിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹൃദ്രോഗം, പക്ഷാഘാതം എന്നിവ തടയുന്നതിനും ഉയർന്ന കൊളസ്ട്രോൾ, വിട്ടുമാറാത്ത അനുബന്ധ രോഗങ്ങൾ പ്രതിരോധിക്കുന്നതിനുമാണ് ഈ മരുന്നുകൾ ഉപയോഗിക്കുന്നത്. വ്യാജവിവരങ്ങൾ പ്രചരിപ്പിച്ച് രോഗികളെ ആശയക്കുഴപ്പത്തിലാക്കിയവരെ കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കുമെന്ന് മീഡിയ റെഗുലേഷൻ ജനറൽ അതോറിറ്റി അറിയിച്ചു.
പ്രമേഹ സാധ്യത വർധിക്കുക, പേശി വേദന, ഓർമശക്തിയെ ബാധിക്കുക തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തെറ്റിദ്ധരിക്കപ്പെട്ട രോഗികൾക്ക് വസ്തുതകൾ വ്യക്തമാക്കുന്നതിനായി ഉന്നതതല ആരോഗ്യവിദഗ്ധരുടെ കമ്മിറ്റി രൂപീകരിക്കണമെന്ന് ചില ഡോക്ടർമാർ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
Adjust Story Font
16

