ദാക്കർ റാലി: ഒന്നാം സ്ഥാനത്ത് തുടർന്ന് ഖത്തർ പൗരൻ നാസർ അൽഅത്തിയ
ആറാം ഘട്ടം റിയാദിൽ അവസാനിച്ചു

സൗദി അറേബ്യയിൽ നടക്കുന്ന 2026 ദാക്കർ റാലിയിൽ ഖത്തർ പൗരൻ നാസർ അൽഅത്തിയ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓവറോൾ സ്റ്റാന്റിങ്ങിലാണ് അത്തിയ ഒന്നാമത് തുടരുന്നത്. റാലിയുടെ ആറാം ഘട്ടം ഹാഇലിൽ നിന്ന് ആരംഭിച്ച് തലസ്ഥാനമായ റിയാദിൽ അവസാനിച്ചു. 915 കിലോമീറ്ററാണ് ആകെ സഞ്ചരിച്ച ദൂരം. അതിൽ 326 കിലോമീറ്റർ പ്രത്യേക ടൈംഡ് സ്റ്റേജുകളായിരുന്നു.
ഡാസിയ സാൻഡ്റൈഡേഴ്സ് ടീമിനുവേണ്ടി വാഹനമോടിച്ച നാസർ അൽഅത്തിയ കാർ വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ സമയം നേടി, 3 മണിക്കൂർ 38 മിനിറ്റ് 28 സെക്കൻഡിലാണ് ഘട്ടം പൂർത്തിയാക്കിയത്. ഫ്രഞ്ച് താരം സെബാസ്റ്റ്യൻ ലോബിനെക്കാൾ 2 മിനിറ്റും 58 സെക്കൻഡും മുന്നിലാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. ടൊയോട്ട ഗാസൂ ഓടിക്കുന്ന അമേരിക്കൻ താരം സേത്ത് ക്വിന്റേറോ അൽഅത്തിയയ്ക്ക് 3 മിനിറ്റും 19 സെക്കൻഡും പിന്നിലായി മൂന്നാം സ്ഥാനത്തെത്തി.
കാർ വിഭാഗത്തിലെ മൊത്തത്തിലുള്ള റാങ്കിങ്ങിൽ, അൽഅത്തിയ 24 മണിക്കൂർ 18 മിനിറ്റ് 29 സെക്കൻഡ് സമയം കൊണ്ട് ഒന്നാം സ്ഥാനം നേടി. ദക്ഷിണാഫ്രിക്കൻ താരം ഹെങ്ക് ലാറ്റിഗൻ 6 മിനിറ്റും 10 സെക്കൻഡും പിന്നിലായി രണ്ടാമതുണ്ട്. ഫോർഡ് റേസിങ്ങിനായി വാഹനമോടിച്ച സ്പാനിഷ് താരം നാനി റോമ മൂന്നാം സ്ഥാനത്ത് എത്തി, 9 മിനിറ്റും 13 സെക്കൻഡും പിന്നിലായാണ് നേട്ടം.
ഏഴാം ഘട്ടം നാളെ ആരംഭിക്കും
ദാക്കർ റാലിയുടെ ഏഴാം ഘട്ടം നാളെ ആരംഭിക്കും. മത്സരാർത്ഥികൾക്ക് വിശ്രമ ദിനമാണ്. ഏഴാം ഘട്ടം റിയാദിൽ ആരംഭിച്ച് വാദി അദ്ദവാസിറിൽ അവസാനിക്കും. 462 കിലോമീറ്റർ പ്രത്യേക സമയബന്ധിത ഘട്ടം ഉൾപ്പെടെ മൊത്തം 876 കിലോമീറ്റർ ദൂരം പിന്നിടും.
റാലിയുടെ ആറാം ഘട്ടം ഹാഇലിൽ നിന്ന് ആരംഭിച്ച് തലസ്ഥാനമായ റിയാദിൽ അവസാനിച്ചിരുന്നു. 915 കിലോമീറ്ററാണ് ആകെ സഞ്ചരിച്ച ദൂരം. അതിൽ 326 കിലോമീറ്റർ പ്രത്യേക ടൈംഡ് സ്റ്റേജുകളായിരുന്നു.
ഈ വർഷത്തെ പതിപ്പിൽ 69 രാജ്യങ്ങളിൽ നിന്നുള്ള 812 മത്സരാർഥികളാണ് പങ്കെടുക്കുന്നത്. ആറ് വിഭാഗങ്ങളിലായി 433-ലധികം വാഹനങ്ങളിലാണ് ഇവർ മത്സരിക്കുന്നത്. ആകെ 7,994 കിലോമീറ്റർ ദൂരമാണ് റാലി. 4,840 കിലോമീറ്റർ സമയബന്ധിതമായ പ്രത്യേക സ്റ്റേജുകളായിരിക്കും.
യാമ്പുവിൽ നിന്ന് ആരംഭിച്ച റാലി, അൽഉലാ, ഹാഇൽ, റിയാദ്, വാദി അദ്ദവാസിർ, ബിഷ, അൽഹെനാകിയ തുടങ്ങിയ വൈവിധ്യമാർന്ന ഭൂപ്രകൃതിയുള്ള പ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ജനുവരി 17 ശനിയാഴ്ച യാമ്പുവിൽ തന്നെ അവസാനിക്കും.
Adjust Story Font
16

