Quantcast

ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങളുടെ പവലിയനുകൾ; ദമ്മാം ഗ്ലോബൽ സിറ്റി തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും

പ്രവിശ്യ ഗവർണർ നാഇഫ് ബിൻ സൗദ് രാജകുമാരൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും

MediaOne Logo

Web Desk

  • Published:

    27 Dec 2025 10:10 PM IST

ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങളുടെ പവലിയനുകൾ; ദമ്മാം ഗ്ലോബൽ സിറ്റി തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും
X

ദമ്മാം: ദമ്മാമിലെ വിനോദ-സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിക്കൊണ്ട് പടുകൂറ്റൻ വിനോദ നഗരമായ 'ഗ്ലോബൽ സിറ്റി'യുടെ ആദ്യഘട്ടം ഈ ആഴ്ച സന്ദർശകർക്കായി തുറന്നുകൊടുക്കുന്നു. കിഴക്കൻ പ്രവിശ്യ ഗവർണർ നാഇഫ് ബിൻ സൗദ് രാജകുമാരൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ആറ് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ദമ്മാം-ഖത്തീഫ് റോഡിലെ സൈഹാത്ത് തടാകത്തോടു ചേർന്ന് ഒരുക്കിയിരിക്കുന്ന ഈ സംരംഭം രാജ്യത്തെ തന്നെ ഏറ്റവും വലിയ വിനോദ കേന്ദ്രങ്ങളിൽ ഒന്നാണ്. മൊത്തം 600 ദശലക്ഷം റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിനായി 200 ദശലക്ഷം റിയാലാണ് ചെലവഴിച്ചിരിക്കുന്നത്.

ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളുടെ വൈവിധ്യമാർന്ന പവലിയനുകളാണ് ആദ്യഘട്ടത്തിൽ സന്ദർശകരെ വരവേൽക്കുന്നത്. വിവിധ ഭൂഖണ്ഡങ്ങളിലെ കലകളും ഉൽപ്പന്നങ്ങളും ഭക്ഷണരീതികളും നേരിട്ട് അനുഭവിക്കാനുള്ള അവസരം ഇവിടെയുണ്ടാകും. പതിനായിരം പേർക്ക് ഇരിക്കാവുന്ന ഓപ്പൺ തിയേറ്റർ, തടാകത്തിൽ ഒഴുകുന്ന റെസ്റ്റോറന്റ്, ആധുനിക ഇലക്ട്രോണിക്-വാട്ടർ ഗെയിമുകൾ എന്നിവയാണ് സിറ്റിയുടെ പ്രധാന ആകർഷണങ്ങൾ. വിനോദത്തിനൊപ്പം വൻതോതിലുള്ള നിക്ഷേപ സാധ്യതകളും തൊഴിലവസരങ്ങളും ലക്ഷ്യമിടുന്ന ഈ പദ്ധതി പ്രവിശ്യയുടെ സാമ്പത്തിക വികസനത്തിന് വലിയ മുതൽക്കൂട്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

TAGS :

Next Story