സൗദി ദേശീയ ദിന ഓഫറുകൾ: ഡിസ്‌കൗണ്ട് ലൈസൻസുകൾ അനുവദിച്ചു
സെപ്റ്റംബർ 16 മുതൽ 30 വരെയാണ് സ്ഥാപനങ്ങൾക്ക് ഡിസ്‌കൗണ്ട് നൽകാനാവുക

ജിദ്ദ:സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി ഡിസ്‌കൗണ്ട് വിൽപ്പന നടത്താൻ സ്ഥാപനങ്ങൾക്ക് ലൈസൻസുകൾ അനുവദിച്ചുതുടങ്ങിയതായി വാണിജ്യമന്ത്രാലയം. സെപ്റ്റംബർ 16 മുതൽ സെപ്റ്റംബർ 30 വരെയാണ് സ്ഥാപനങ്ങൾക്ക് ഡിസ്‌കൗണ്ട് നൽകാനാവുക. രാജ്യത്ത് പ്രത്യേക ലൈസൻസ് നേടാതെ വിലകുറച്ച് വിൽക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രാലയം ഓർhിപ്പിച്ചു.
ദേശീയ ദിനത്തിനോടനുബന്ധിച്ച് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക വിലക്കിഴിവ് പ്രഖ്യാപിച്ച് വിൽപ്പന നടത്താനാണ് പ്രത്യേക ലൈസൻസുകൾ. വാണിജ്യമന്ത്രാലയത്തിൽ നിന്നാണ് ഇത് നേടേണ്ടത്. ഓൺലൈൻ വഴി അപേക്ഷകൾ നൽകണം. വാണിജ്യസ്ഥാപനങ്ങളിലും ഇ-സ്റ്റോറുകളിലും ദേശീയ ദിന ഓഫറുകൾ നൽകാനായി ലൈസൻസ് നിർബന്ധമാണ്. ഇത്തരത്തിൽ ലഭിക്കുന്ന ലൈസൻസുകൾ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കുകയും വേണം.
വിലകിഴിവുള്ള സാധനങ്ങളുടെ പ്രൈസ് ടാഗ് സ്ഥാപിക്കണം. വിലകിഴിവുകളുടെ തരവും ശതമാനവും ദൈർഘ്യവും ഉൾപ്പെടെ മുഴുവൻ വിവരങ്ങളും വ്യക്തമാക്കണം. ബാർകോഡ് മൊബൈൽ ക്യാമറ ഉപയോഗിച്ച് സ്‌കാൻ ചെയ്ത് ഉപഭോക്താവിന് വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനാകണം. നിയമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ മന്ത്രാലയം പ്രത്യേക നിരീക്ഷണവും നടത്തും.
Adjust Story Font
16

