പെരുന്നാൾ അവധി: സൗദിയിൽ ആഭ്യന്തര വിമാന സർവീസുകൾക്ക് പൊള്ളുന്ന നിരക്ക്
സാധാരണ നിരക്കിനേക്കാള്‍ മൂന്നിരട്ടിയോളം വര്‍ധനവുണ്ടായതായി യാത്രക്കാര്‍ പറയുന്നു.

ജിദ്ദ: ബലി പെരുന്നാള്‍ അവധി ദിനങ്ങളില്‍ സൗദിയില്‍ ആഭ്യന്തര വിമാനടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനവ് അനുഭവപ്പെടുന്നതായി പരാതി.സാധാരണ നിരക്കിനേക്കാള്‍ മൂന്നിരട്ടിയോളം വര്‍ധനവുണ്ടായതായി യാത്രക്കാര്‍ പറയുന്നു. സ്‌കൂള്‍ അവധിയും പെരുന്നാള്‍ അവധിയും ഒരുമിച്ചെത്തിയതാണ് നിരക്ക് വര്‍ധിക്കാനിടയാക്കിയത്.
രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് പൊള്ളുന്ന നിരക്കനുഭവപ്പെടുന്നതായാണ് പരാതി. ഹജ്ജ് അവധി ദിനങ്ങളിലെ ബുക്കിംഗുകള്‍ക്കാണ് നിരക്കില്‍ വലിയ വര്‍ധനവ് അനുഭവപ്പെടുന്നത്. സാധാരണ നിരക്കിനേക്കാള്‍ മൂന്നിരട്ടിയോളം വര്‍ധനവ് നേരിടുന്നതായി പലരും പരാതി ഉന്നയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവധി ആഘോഷിക്കാന്‍ പുറപ്പെട്ടവര്‍ക്കാണ് നിരക്ക് വര്‍ധനവ് തിരിച്ചടിയായത്.
സ്‌കൂള്‍, പെരുന്നാള്‍ അവധികള്‍ ഒന്നിച്ചെത്തിയതാണ് തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയത്. ആഭ്യന്തര സര്‍വീസുകളില്‍ ദേശീയ എയര്‍ലൈന്‍ കമ്പനിയായ സൗദിയ ഉള്‍പ്പെടെ സര്‍വീസുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുട എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായത്. എന്നാല്‍ വിമാന ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടിയിലധികം വര്‍ധനവുണ്ടായെന്ന പ്രചാരണം ശരിയല്ലെന്ന് സിവില്‍ ഏവിയേഷന്‍ വക്താവ് പറഞ്ഞു. പകരം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവും അത് മുഖേനയുണ്ടായ ടിക്കറ്റ് ക്ഷാമവുമാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

