ഫിഫ ക്ലബ് ലോകകപ്പ്: സൗദിയിലേക്ക് ഇ-വിസ അനുവദിക്കും
മത്സരം ഈ മാസം 12ന് ആരംഭിക്കും

ജിദ്ദ: സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് മത്സരം കാണാൻ ടിക്കറ്റെടുക്കുന്നവർക്ക് ഇലക്ട്രോണിക് വിസ അനുവദിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് സൗദിയിലേക്ക് വരാനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിൻ്റെ ഭാഗമായാണിത്. മാഞ്ചസ്റ്റർ സിറ്റിയും സൗദി ക്ലബ്ബുമടക്കം ഏഴ് ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിന് ഈ മാസം 12ന് തുടക്കമാകും.
ഈ മാസം 12 മുതൽ 22 വരെ 10 ദിവസങ്ങളിലായാണ് ഫിഫ ക്ലബ്ബ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. ജിദ്ദയിലെ രണ്ട് സ്റ്റേഡിയങ്ങളിലാണ് മത്സരം ക്രമീകരിച്ചിട്ടുള്ളത്. മത്സരം കാണാനുള്ള ടിക്കറ്റെടുക്കുന്നവർക്ക് സൌദിയിലേക്ക് പ്രവേശിക്കുവാൻ ഇലക്ട്രോണിക് വിസ അനുവദിക്കുവാനാണ് തീരുമാനം. വിദേശകാര്യ മന്ത്രാലയം, കായിക മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ വിസ സംവിധാനം നടപ്പിലാക്കുന്നത്.
ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്കായി സൗദി അറേബ്യയിലേക്കുള്ള യാത്രാ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിൻ്റെ ഭാഗമായാണിത്. ഫിഫ ക്ലബ് ലോകകപ്പ് മത്സരത്തിനുള്ള ടിക്കറ്റ് എടുത്തവർക്ക് visa.mofa.gov.sa. എന്ന വെബ് സൈറ്റ് വഴി ഇലക്ട്രോണിക് വിസക്ക് അപേക്ഷിക്കാം. ഇങ്ങിനെ വരുന്നവർക്ക് സാധാരണ സന്ദർശന വിസയിൽ വരുന്നവർക്ക് ലഭിക്കുന്ന എല്ലാ ആനൂകൂല്യങ്ങളും ലഭിക്കും. ഡിസംബർ 18, 19 തിയതികളിലാണ് സെമി ഫൈനൽ മത്സരങ്ങൾ. ശേഷം ഡിസംബർ 22ന് രാത്രി 9 മണിക്കാണ് ഫൈനൽ പോരാട്ടം. നിലവിലെ ഫോർമാറ്റിൽ നടക്കുന്ന അവസാനത്തെ ക്ലബ്ബ് ലോകകപ്പ് മത്സരമാണിത്. 2025 ൽ അമേരിക്കയിലാണ് അടുത്ത മത്സരം അരങ്ങേറുക.
Summary: E-visas available for 2023 FIFA Club World Cup ticket holders
Adjust Story Font
16

