3,500 വര്‍ഷം പഴക്കമുള്ള മമ്മിക്കുള്ളിലെ രഹസ്യങ്ങള്‍ അതിനൂതന സ്‌കാനിങ് സംവിധാനത്തിലൂടെ പുറത്തെത്തിച്ച് ഈജിപ്ഷ്യന്‍ ശാസ്ത്രജ്ഞര്‍

പുരാതന ഈജിപ്ഷ്യന്‍ മമ്മികളില്‍നിന്ന് വെത്യസ്തമായി, അമെന്‍ഹോട്ടെപ്പിന്റെ മമ്മിയില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ തലച്ചോറ് അടങ്ങിയിട്ടുണ്ടെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്

MediaOne Logo

ഹാസിഫ് നീലഗിരി

  • Updated:

    2021-12-29 09:12:10.0

Published:

29 Dec 2021 9:12 AM GMT

3,500 വര്‍ഷം പഴക്കമുള്ള മമ്മിക്കുള്ളിലെ രഹസ്യങ്ങള്‍ അതിനൂതന സ്‌കാനിങ് സംവിധാനത്തിലൂടെ പുറത്തെത്തിച്ച് ഈജിപ്ഷ്യന്‍ ശാസ്ത്രജ്ഞര്‍
X

കെയ്‌റോ: പുരാതന ഈജിപ്തിലെ 18ാം രാജവംശത്തിലെ ഫറവോന്‍ അമെന്‍ഹോടെപ് ഒന്നാമന്റെ ജീവിതത്തെയും മരണത്തെയും കുറിച്ച് പഠിക്കാന്‍ അദ്ദേഹത്തിന്റെ മമ്മിഫൈ ബോഡിയില്‍ ഹൈടെക് സ്‌കാനുകള്‍ ഉപയോഗിച്ച് ഗവേഷകര്‍ നടത്തിയ പഠനത്തിലൂടെ വലിയ കണ്ടെത്തലുകളാണ് ശ്‌സ്ത്രലോകം ഇപ്പോള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

കംപ്യൂട്ടഡ് ടോമോഗ്രാഫി സ്‌കാനറുകള്‍ ഉപയോഗിച്ചാണ് കെയ്റോ സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകര്‍ മമ്മിഫൈ ചെയ്ത ശരീരം വിശദപരിശോധനകള്‍ക്ക് വിധേയമാക്കിയത്. അമെന്‍ഹോടെപ് ഒന്നാമനെക്കുറിച്ച് മുമ്പ് കണ്ടെത്താത്ത നിരവധി വിശദാംശങ്ങള്‍ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുറത്തെത്തിച്ചുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.1881ല്‍ മമ്മി കുഴിച്ചെടുത്തതിനുശേഷം മമ്മി തുറന്നുള്ള ഗവേഷണങ്ങള്‍ ഒട്ടും നടത്താത്ത ഒരേയൊരു പുരാതന ഈജിപ്ഷ്യന്‍ രാജകുടുംബാംഗമാണ് അമെന്‍ഹോടെപ് ഒന്നാമന്‍. പൂക്കളാല്‍ അലങ്കൃതമായ തടികൊണ്ടുള്ള സുന്ദരമായ മുഖാവരണമാണ് മമ്മിക്കുണ്ടായിരുന്നത്. കൈകാര്യം ചെയ്യാന്‍ കഴിയാത്തത്രയും ദുര്‍ബലപ്പെട്ട നിലയിലായിരുന്നു മമ്മിയുടെ മുഖാവരണം.

അമെന്‍ഹോടെപ് മരിക്കുമ്പോള്‍ അദ്ദേഹത്തിന് ഏകദേശം 35 വയസ്സാണുണ്ടായിരുന്നത്. ഏകദേശം 169 സെന്റീമീറ്റര്‍ ഉയരവും നല്ല പല്ലുകളുമാണുണ്ടായിരുന്നത്. മുപ്പതോളം അമ്യൂലതകിടുകളും സ്വര്‍ണ്ണ മുത്തുകള്‍ പിടിപ്പിച്ച അമൂല്യ സ്വര്‍ണ്ണ അരപ്പട്ടയും മമ്മിയില്‍ അണിയിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ശരീരത്തില്‍ മുറിവുകളോ മറ്റു അസ്വാഭാവിക തെളിവുകളോ ഒന്നുമില്ലാത്തതിനാല്‍ ഇതൊരു സാധാരണ മരണമായാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. ബിസി 1550 നും 1525 നും ഇടയില്‍ ഭരിച്ചിരുന്ന തന്റെ പിതാവ് അഹ്മോസ് ഒന്നാമനോട് സാമ്യമുള്ള ശരീരമാണ് അമെന്‍ഹോടെപിന്റേത്. വീതികുറഞ്ഞ താടിയും കുറിയ മൂക്കും ചുരുണ്ട മുടിയും അല്‍പം നീണ്ട പല്ലുകളുമാണ് മമ്മിക്കുള്ളത്.ഏകദേശം ബിസി 1525 മുതല്‍ 1504 വരെയാണ് അദ്ദേഹത്തിന്റെ ഭരണകാലമായി കണക്കാക്കുന്നത്. 1881ല്‍ തെക്കന്‍ ഈജിപ്തിലെ ഡീര്‍ എല്‍ ബഹാരിയിലെ ഒരു പുരാവസ്തു മേഖലയില്‍നിന്നാണ് ഈ മമ്മി കണ്ടെത്തിയത്.

പുരാതന ഈജിപ്ഷ്യന്‍ മമ്മികളില്‍നിന്ന് വെത്യസ്തമായി, അമെന്‍ഹോട്ടെപ്പിന്റെ മമ്മിയില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ തലച്ചോറ് അടങ്ങിയിട്ടുണ്ടെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ആക്രമണകാരികളായ ഹൈക്‌സോസിനെ പുറത്താക്കി ഈജിപ്തിനെ വീണ്ടും ഒന്നിപ്പിച്ച പിതാവ് അഹ്മോസ് ഒന്നാമന് ശേഷം ഈജിപ്തിലെ 18ാം രാജവംശത്തിലെ രണ്ടാമത്തെ ഫറവോനായിരുന്നു അമെന്‍ഹോടെപ് ഒന്നാമന്‍.ഈജിപ്തിലെ അധിനിവേശക്കാരായി കണക്കാക്കപ്പെടുന്ന ഹൈക്‌സോസ് ഏഷ്യന്‍ വംശജരായ ഒരു വംശീയ വിഭാഗമായിരുന്നു. ഈജിപ്തില്‍ സ്ഥിരതാമസമാക്കിയ അവര്‍ 15ാം രാജവംശത്തിന്റെ കാലഘട്ടത്തില്‍ (ബിസി 1650 മുതല്‍ 1550വരെ) രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഭരണം നടത്തിയിരുന്നു.

TAGS :

Next Story