സൗദിയിൽ ഇലക്ട്രിക് കാറുകൾ എത്തുന്നു; ബുക്കിങ് ആരംഭിച്ചു
2027-ന്റെ ആദ്യ പാദത്തിന്റെ അവസാനത്തോടെ വിതരണം തുടങ്ങും

റിയാദ്: സൗദി അറേബ്യയുടെ സ്വന്തം ഇലക്ട്രിക് വാഹന ബ്രാൻഡായ സീറിന്റെ കാറുകൾ അടുത്ത വർഷം ഉപഭോക്താക്കളിലേക്ക് എത്തും. 3,99,000 റിയാൽ മുതൽ വിലയുള്ള കാറുകളുടെ ബുക്കിങ് കമ്പനി ആരംഭിച്ചു. 2027-ന്റെ ആദ്യ പാദത്തിന്റെ അവസാനത്തോടെ വിതരണം തുടങ്ങാനാണ് ലക്ഷ്യം.
സൗദി അറേബ്യയുടെ ഇലക്ട്രിക് വാഹന നിർമാണ മേഖലയിലെ സീറിന്റെ ആദ്യ മോഡലുകൾക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. ആയിരം റിയാൽ റീഫണ്ടബിൾ തുക നൽകി കമ്പനിയുടെ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം. 2027-ലെ ആദ്യ പാദത്തിന്റെ അവസാനത്തിലോ രണ്ടാം പാദത്തിന്റെ തുടക്കത്തിലോ വാഹനങ്ങളുടെ വിതരണം ആരംഭിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. കാറിന് ആറ് വർഷം അല്ലെങ്കിൽ രണ്ട് ലക്ഷം കിലോമീറ്റർ വാറന്റിയും ബാറ്ററിക്ക് എട്ട് വർഷം അല്ലെങ്കിൽ രണ്ട് ലക്ഷം കിലോമീറ്റർ വാറന്റിയും ലഭിക്കും.
ആറ് വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ്, ഇൻസ്റ്റലേഷൻ ഉൾപ്പെടെയുള്ള ഹോം ചാർജർ, ആറുമാസത്തെ കണക്റ്റിവിറ്റി പാക്കേജ് എന്നിവയും വിലയിൽ ഉൾപ്പെടുന്നു. കൂടുതൽ മോഡലുകൾ അവതരിപ്പിച്ച് സൗദിയിലെയും ഗൾഫ് മേഖലയിലെയും വിപണി വിപുലീകരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. 2030 ഓടെ അഞ്ച് പുതിയ മോഡലുകൾ കൂടി അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.
Adjust Story Font
16

