2.5 ലക്ഷം കിലോമീറ്റർ താണ്ടി സൗദിയിലെ യൂറേഷ്യൻ ഗ്രിഫൺ കഴുകന്മാർ
രാജ്യത്ത് ആദ്യമായാണ് റിയൽ ടൈം ഡാറ്റ ശേഖരിച്ചുള്ള പഠനം

റിയാദ്: സൗദിയിലെ യൂറേഷ്യൻ ഗ്രിഫൺ ഇനത്തിൽ പെട്ട കഴുകന്മാർ യാത്ര ചെയ്തത് രണ്ടര ലക്ഷം കിലോമീറ്ററെന്ന് കണ്ടെത്തൽ. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിന്റെ പഠനത്തിലാണ് കണ്ടെത്തൽ. ഇതിനായി രണ്ട് കഴുകന്മാരെ നേരത്തെ സാറ്റലൈറ്റ് ടാഗ് ചെയ്തിരുന്നു. രാജ്യത്ത് ആദ്യമായാണ് റിയൽ ടൈം ഡാറ്റ ശേഖരിച്ചുള്ള പഠനം.
ആദ്യമായാണ് സൗദിയിൽ റിയൽ ടൈം ഡാറ്റ ശേഖരിച്ച് കഴുകന്മാരുടെ സഞ്ചാര പാത പഠന വിധേയമാക്കുന്നത്. രണ്ടര ലക്ഷം കിലോമീറ്റർ സഞ്ചരിക്കാൻ രണ്ടു വർഷവും അഞ്ചു മാസവുമെടുത്തു. സൗദി, ജോർദാൻ, സിറിയ, ഇറാഖ്, തുർക്കി, അർമേനിയ, അസർബൈജാൻ, ഇറാൻ എന്നീ 8 രാജ്യങ്ങളാണ് പിന്നിട്ടത്. 2023 ഏപ്രിൽ 3നായിരുന്നു പഠനം ആരംഭിച്ചത്. ആദ്യ കഴുകൻ പിന്നിട്ടത് 1,19,499 കിലോമീറ്ററായിരുന്നു. മണിക്കൂറിൽ 123 കി.മീ ആയിരുന്നു വേഗത. രണ്ടാമത്തെ കഴുകൻ പിന്നിട്ടത് 1,26,133 കിലോമീറ്ററാണ്. 128 കി.മീ ആയിരുന്നു മണിക്കൂറിൽ വേഗത. കഴുകന്മാരുടെ സർവ ദേശീയ സംരക്ഷണ സഹകരണം ഉറപ്പാക്കുക, പക്ഷികളുടെ ദീർഘകാല നിലനിൽപ്പ് തുടങ്ങിയവയുടെ ഭാഗമായാണ് പഠനം.
Adjust Story Font
16

