സൗദിയിൽ ചെറിയ പെരുന്നാൾ നമസ്‌കാരത്തിന് വിപുലമായ സജ്ജീകരണങ്ങളൊരുക്കി ഇസ്‌ലാമികകാര്യ മന്ത്രാലയം
രാജ്യത്തെ ഇരുപതിനായിരത്തിലധികം പള്ളികളും ഈദ്ഗാഹുകളും പെരുന്നാള്‍ നമസ്‌കാരത്തിനൊരുങ്ങിയതായി മന്ത്രാലയം അറിയിച്ചു

Representative image
ജിദ്ദ: സൗദിയില്‍ ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിന് വിപുലമായ സജ്ജീകരണങ്ങളൊരുക്കി ഇസ്‌ലാമിക കാര്യ മന്ത്രാലയം. രാജ്യത്തെ ഇരുപതിനായിരത്തിലധികം പള്ളികളും ഈദ്ഗാഹുകളും പെരുന്നാള്‍ നമസ്‌കാരത്തിനൊരുങ്ങിയതായി മന്ത്രാലയം അറിയിച്ചു. കനത്ത തിരക്ക് കാരണം മക്കയില്‍ ഹറമിന് പുറമേ അഞ്ഞൂറിലധികം പള്ളികളിലും പെരുന്നാള്‍ നമസ്‌കാരമുണ്ടാകും.
വിവിധ പ്രവിശ്യകളില്‍ 20,714 ജുമാമസ്ജിദുകളും ഈദ് ഗാഹുകളും പെരുന്നാള്‍ നമസ്‌കാരത്തിന് സജ്ജീകരിച്ചതായി ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചു. മസ്ജിദുകളില്‍ ആവശ്യമായ അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളും ഇതിനകം പൂര്‍ത്തിയാക്കി. മതിയായ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജുമാമസ്ജിദുകളുടെയും ഈദ് ഗാഹുകളുടെയും സജ്ജീകരണങ്ങള്‍ ഉറപ്പുവരുത്താന്‍ 6,000 ലേറെ നിരീക്ഷകരെ പ്രത്യേക ചുമതലപ്പെടുത്തിയതായും മന്ത്രാലയം പറഞ്ഞു.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി ഇത്തവണ മക്കയില്‍ തീര്‍ഥാടകരുടെയും വിശ്വാസികളുടെയും കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കണക്കിലെടുത്ത് മക്കയില്‍ വിശുദ്ധ ഹറമിനു സമീപമുള്ള മസ്ജിദുകളിലും ഇത്തവണ പെരുന്നാള്‍ നമസ്‌കാരം സംഘടിപ്പിക്കും. സാധാരണ മക്കയില്‍ പെരുന്നാള്‍ നമസ്‌കാരം നടക്കുന്ന ജുമാമസ്ജിദുകള്‍ക്കും ഈദ് ഗാഹുകള്‍ക്കും പുറമെയാണിത്. മക്കയില്‍ മാത്രം 562 മസ്ജിദുകളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം ഉണ്ടാകുമെന്ന് മന്ത്രാലയം പറഞ്ഞു.
Adjust Story Font
16

