Quantcast

ലഹരിക്കടത്ത്; സൗദിയിൽ അഞ്ച് വിദേശികളുടെ വധശിക്ഷ നടപ്പാക്കി

ഹെറോയിൻ, മെത്താംഫിറ്റാമിൻ തുടങ്ങിയ മാരക ലഹരിവസ്തുക്കൾ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കേസുകളിലാണ് ഇവർക്ക് വധശിക്ഷ ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    23 July 2025 10:51 PM IST

ലഹരിക്കടത്ത്; സൗദിയിൽ അഞ്ച് വിദേശികളുടെ വധശിക്ഷ നടപ്പാക്കി
X

റിയാദ്: സൗദി അറേബ്യയിൽ ലഹരി കടത്ത് കേസുകളിൽ പിടിയിലായ അഞ്ച് വിദേശ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. മക്ക, നജ്റാൻ ഗവർണറേറ്റുകളിലായാണ് ശിക്ഷ നടപ്പാക്കിയത്. ഹെറോയിൻ, മെത്താംഫിറ്റാമിൻ തുടങ്ങിയ മാരക ലഹരിവസ്തുക്കൾ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കേസുകളിലാണ് ഇവർക്ക് വധശിക്ഷ ലഭിച്ചത്.

സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, മക്കയിൽ നാല് പേരുടെയും നജ്റാനിൽ ഒരാളുടെയും വധശിക്ഷയാണ് നടപ്പാക്കിയത്. ഹെറോയിൻ കടത്തിയ കേസിൽ അഫ്ഗാൻ സ്വദേശികളായ അബ്ദുൾസലാം സബ്സവാരി, സയ്യിദ് അഹമ്മദ് അലഫ് എന്നിവരെ മക്കയിൽ വെച്ചും, സമാനമായ കേസിൽ ഹാഷിഷ് കടത്തിയ സൊമാലി പൗരനായ അബ്ദുല്ല അഹമ്മദ് അബ്ദോ അലിയെ നജ്റാനിൽ വെച്ചുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്.

മറ്റൊരു കേസിൽ, മെത്താംഫിറ്റാമിൻ ഗുളികകൾ കടത്തിയതിന് അഫ്ഗാൻ പൗരനായ മുഹമ്മദ് നബി ഖാൻ ബാബക്കർഖോലുവിനും, ലഹരി മരുന്ന് സ്വീകരിച്ച പാകിസ്താൻ സ്വദേശി മുഹമ്മദ് ഹസ്സൻ ഗുൽ ജി ഖാനും മക്കയിൽ വെച്ച് വധശിക്ഷ നടപ്പാക്കി. പ്രതികൾക്ക് കീഴ് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി പിന്നീട് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കിയത്.

കഴിഞ്ഞ ഒരു മാസത്തിനിടെ, ലഹരി മരുന്ന് കടത്ത് കേസുകളിൽ സൗദിയിൽ വധശിക്ഷയ്ക്ക് വിധേയരാകുന്ന സ്വദേശികളും വിദേശികളുമടക്കം പതിനഞ്ചിലേറെ പേരാണ്. ലഹരി മരുന്ന് രാജ്യത്തേക്ക് കൊണ്ടുവരുന്നവർക്കും വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമുള്ള കടുത്ത മുന്നറിയിപ്പാണ് ഈ ശിക്ഷാ നടപടികളെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story