മുസ്്ലിം വേൾഡ് ലീഗ് മുൻ സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ല നസീഫ് അന്തരിച്ചു
കിങ് അബ്ദുൽ അസീസ് സർവകലാശാല ഡയറക്ടറായും ശൂറാ കൗൺസിൽ വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്

റിയാദ്: പ്രമുഖ പണ്ഡിതനും മതപ്രബോധകനും മുസ്്ലിം വേൾഡ് ലീഗ് മുൻ സെക്രട്ടറി ജനറലുമായ ഡോ. അബ്ദുല്ല നസീഫ് അന്തരിച്ചു. അഞ്ച് പതിറ്റാണ്ട് കാലം വിദ്യാഭ്യാസം, ഗവേഷണം, രാഷ്ട്ര സേവനം, പ്രബോധനം മേഖലകളിൽ സമാനതകളില്ലാത്ത സേവനം നടത്തി, തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിതശ്രേഷ്ടൻ ഇന്ന് രാവിലെയാണ് ഇഹലോകവാസം വെടിഞ്ഞത്.
1939-ൽ ജിദ്ദയിൽ ജനിച്ച ഡോ. അബ്ദുല്ല നസീഫ് വിശാലമായ കാഴ്ചപ്പാടിലും രാഷ്ട്ര നിർമാണ പ്രവർത്തനങ്ങളിലും ശ്രദ്ധേയനാണ്. പ്രാഥമിക വിദ്യാഭ്യാസം ജിദ്ദയിൽ പൂർത്തിയാക്കിയ അദ്ദേഹം 1964-ൽ കിങ് സഊദ് സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. ലണ്ടനിലെ ജിയോളജിക്കൽ സൊസൈറ്റിയിലെയും അമേരിക്കൻ ജിയോളജിക്കൽ സൊസൈറ്റിയിലെയും ഫെല്ലോഷിപ്പുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1971-ൽ ബ്രിട്ടനിലെ ലീഡ്‌സ് സർവകലാശാലയിൽ നിന്ന് ജിയോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ശേഷം കിങ് സഊദ് സർവകലാശാലയിലും പിന്നീട് കിങ് അബ്ദുൽ അസീസ് സർവകലാശാലയിലും അധ്യാപകനായി.കിങ് അബ്ദുൽ അസീസ് സർവകലാശാല ഡയറക്ടർ, മുസ്്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ, ശൂറാ കൗൺസിൽ വൈസ് ചെയർമാൻ, ഇന്റർനാഷണൽ ഇസ്്ലാമിക് റിലീഫ് ഓർഗനൈസേഷൻ ചെയർമാൻ, വേൾഡ് ഇസ്്ലാമിക് കോൺഫറൻസ് പ്രസിഡന്റ്, ഇന്റർനാഷണൽ ഇസ്്ലാമിക് കൗൺസിൽ ഫോർ ദഅ്‌വ ആൻഡ് റിലീഫ് ജനറൽ സെക്രട്ടറി തുടങ്ങി നിരവധി പദവികൾ അദ്ദേഹം വഹിച്ചു. ഇന്റർനാഷണൽ സ്കൗട്ട് കമ്മിറ്റി അംഗം, വേൾഡ് യൂണിയൻ ഓഫ് മുസ്്ലിം സ്കൗട്ട്സ് മേധാവി, സൗദി അറേബ്യൻ സ്കൗട്ട് അസോസിയേഷൻ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
മുസ്്ലിം വേൾഡ് ലീഗിന്റെ സെക്രട്ടറി ജനറലായിരിക്കുമ്പോൾ മുസ്്ലിം ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും അദ്ദേഹം വലിയ ശ്രമങ്ങൾ നടത്തി. ലോകമെമ്പാടുമുള്ള ദരിദ്ര ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്ന 'സനാബിലുൽ ഖൈർ' എന്ന പേരിൽ നടന്ന സാന്ത്വന-സന്നദ്ധ പ്രവർത്തനങ്ങളിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.ന്യൂ മെക്സിക്കോയിലെ ദാറുസ്സലാം സർവകലാശാല, ചിക്കാഗോയിലെ അമേരിക്കൻ ഇസ്്ലാമിക് കോളജ്, മൊറോക്കോയിലെ റോയൽ അക്കാദമി, കേംബ്രിഡ്ജിലുള്ള ഇസ്്ലാമിക് അക്കാദമി എന്നിവയുടെ ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗം, ഇസ്്ലാമാബാദിലെ ഇന്റർനാഷണൽ ഇസ്്ലാമിക് സർവകലാശാല സീനിയർ വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു.
ജനീവയിലെ ഇസ്്ലാമിക് കൾച്ചറൽ സെന്റർ, ഫ്രാങ്ക്ഫർട്ട് സർവകലാശാല അറബ്, ഇസ്്ലാമിക് സയൻസസ് ഹിസ്റ്ററി ഇൻസ്റ്റിറ്റ്യൂട്ട്, സിഡ്‌നിയിലെ ഇസ്്ലാമിക് കൾച്ചറൽ സെന്റർ, ചിറ്റഗോങ്ങിലെ ഇന്റർനാഷണൽ ഇസ്്ലാമിക് യൂണിവേഴ്സിറ്റി, ബംഗ്ലാദേശിലെ ദാറുൽ ഇഹ്സാൻ യൂണിവേഴ്സിറ്റി, നൈജറിലെ ഇസ്്ലാമിക് യൂണിവേഴ്സിറ്റി എന്നിവയുടെ ട്രസ്റ്റി ബോർഡ് അധ്യക്ഷനായും പ്രവർത്തിച്ചു. പത്ത് വർഷം സൗദി നാഷണൽ ഡയലോഗ് കമ്മിറ്റി വൈസ് ചെയർമാൻ, 2008-2019 കാലത്ത് ഇന്റർനാഷണൽ ഇസ്്ലാമിക് കൗൺസിൽ ഫോർ ദഅ്‌വ ആൻഡ് റിലീഫ് ജനറൽ സെക്രട്ടറി, വേൾഡ് യൂണിയൻ ഓഫ് മുസ്്ലിം സ്കൗട്ട്സ് പ്രസിഡന്റ്, അബ്ദുല്ല ബിൻ ഉമർ നസീഫ് ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചു.
1991-ൽ കിങ് ഫൈസൽ ഇന്റർനാഷണൽ പ്രൈസ് ഫോർ സർവീസ് ടു ഇസ്്ലാം, 2004-ൽ കിങ് അബ്ദുൽ അസീസ് മെഡൽ ഫസ്റ്റ് ക്ലാസ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.രാജ്യത്തിനകത്തും പുറത്തും നിരവധി സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. രചനകളിലൂടെയും ശ്രദ്ധ നേടിയ അദ്ദേഹം, തന്റെ മധ്യമ നിലപാടും മിതത്വത്തിനും സഹവർത്തിത്വത്തിനും വേണ്ടിയുള്ള നിരന്തരമായ ആഹ്വാനവും കൊണ്ട് ഇസ്്ലാമിക ലോകത്തെ പണ്ഡിതന്മാരുമായും ചിന്തകരുമായും അദ്ദേഹം അടുത്ത സൗഹൃദബന്ധം പുലർത്തി.
Adjust Story Font
16

