Quantcast

ലഹരിക്കടത്ത് കേസ്: സൗദിയിൽ നാല് വിദേശികൾക്കും ഒരു സ്വദേശിക്കും വധശിക്ഷ

മക്ക, നജ്‌റാൻ, തബൂക്ക് ഗവർണറേറ്റുകളിലാണ് ശിക്ഷ

MediaOne Logo

Web Desk

  • Published:

    28 July 2025 8:54 PM IST

Kuwaits Emir approves new law to control drugs
X

ദമ്മാം: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ നാല് വിദേശികളുടെയും ഒരു സ്വദേശിയുടെയും വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. മക്ക, നജ്‌റാൻ, തബൂക്ക് ഗവർണറേറ്റുകളിലായാണ് ശിക്ഷ നടപ്പാക്കിയത്. ഹെറോയിൻ, ആംഫിറ്റാമിൻ ലഹരി വസ്തുക്കൾ കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. മയക്കുമരുന്ന് കടത്ത് കേസിൽ ഒരു മാസത്തിനിടെ സ്വദേശികളും വിദേശികളുമായ 20 പേർക്കാണ് സൗദിയിൽ വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്.

വ്യത്യസ്ത കേസുകളിലായാണ് അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കിയത്. നജ്‌റാനിൽ മൂന്ന് പേരുടെയും മക്കയിലും തബൂക്കിലും ഓരോരുത്തരുടെയും വധശിക്ഷ നടപ്പാക്കിയതായി സൗദി അഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.

ഹെറോയിൻ കടത്തിയ കേസിൽ എത്യോപ്യൻ സ്വദേശികളായ ഖലീഫ ഹുസൈൻ അബ്ദുൽ ഖാദർ, അബ്ദുൽ നൂർ യാസിൻ ആദം, അബ്ദുല്ല ഒമർ ഇബ്രാഹിം എന്നിവർക്ക് നജ്‌റാനിലും, സമാന കേസിൽ പാകിസ്താൻ പൗരനായ സാരംഗ് ബക്തിയാർ സെബിനെ മക്കയിലും വധശിക്ഷക്ക് വിധേയമാക്കി. മറ്റൊരു കേസിൽ ആംഫിറ്റാമിൻ ഗുളികകൾ കടത്തിയ കേസിൽ സൗദി പൗരനായ അഹമ്മദ് ബിൻ മുഹൈസിൻ ബിൻ ഹുസൈൻ അൽറഷാൻഡിയെ തബൂക്കിലും വധശിക്ഷക്ക് വിധേയമാക്കി.

കേസിന്റെ തുടക്കത്തിൽ തന്നെ പ്രതികൾക്ക് കീഴ്‌കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇത് പിന്നീട് അപ്പീൽ കോടതിയും സുപ്രിം കോടതിയും ശരിവെച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്. സമാന കേസിൽ ഒരു മാസത്തിനിടെ 20 സ്വദേശികളും വിധേശികളുമായ പ്രതികൾക്കാണ് വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. ശിക്ഷ രാജ്യത്തേക്ക് ലഹരി എത്തിക്കുന്നവർക്കും വിൽപ്പന നടത്തുന്നവർക്കും ഉപയോഗിക്കുന്നവർക്കുമുള്ള കടുത്ത മുന്നറിയിപ്പാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story