Quantcast

റിയാദ് മെട്രോയിലേക്ക് കൂടുതൽ ട്രെയിനുകൾ; ഫ്രഞ്ച് കമ്പനിയുമായി പുതിയ കരാർ

റിയാദ് മെട്രോ ഇതിനകം പത്ത് കോടിയിലധികം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്

MediaOne Logo

Gulf Desk

  • Published:

    2 Oct 2026 4:36 PM IST

Riyadh Metro Orange Line service from tomorrow
X

റിയാദ്: റിയാദിലെ മെട്രോ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഡ്രൈവറില്ലാ ട്രെയിനുകൾ വാങ്ങാൻ റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി. പ്രമുഖ ഫ്രഞ്ച് റെയിൽ നിർമാണ കമ്പനിയായ ആൽസ്റ്റോമുമായാണ് ഇതിനായുള്ള പുതിയ കരാർ ഒപ്പുവെച്ചത്. ഏകദേശം 200 കോടി റിയാൽ മൂല്യമുള്ളതാണ് ഈ കരാർ. പുതിയ ട്രെയിനുകൾ എത്തുന്നതോടെ മെട്രോയിലെ യാത്രാശേഷി ഗണ്യമായി ഉയരും. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും സർവീസുകൾ കൂടുതൽ കൃത്യതയോടെ ഇടവേളകൾ കുറച്ച് നടത്താനും ഇത് സഹായിക്കും. പുതിയ ട്രെയിനുകളെ നിലവിലെ ട്രാക്കുകളുമായും സിഗ്‌നലിങ് സംവിധാനങ്ങളുമായും ആൽസ്റ്റോം തന്നെ സംയോജിപ്പിക്കും.

മെട്രോയിലെ മൂന്ന് പ്രധാന റൂട്ടുകളിലേക്കാണ് ഈ പുതിയ ട്രെയിനുകൾ സർവീസ് നടത്തുക. മദീന റോഡ് വഴിയുള്ള ഓറഞ്ച് ലൈൻ (ലൈൻ 3), കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവള പാതയിലെ യെല്ലോ ലൈൻ (ലൈൻ 4), അബ്ദുറഹ്‌മാൻ ബിൻ ഔഫ് റോഡ് മുതൽ ശൈഖ് ഹസൻ ബിൻ ഹുസൈൻ റോഡ് വരെയുള്ള പർപ്പിൾ ലൈൻ (ലൈൻ 6) എന്നിവയിലാണ് ഇവ സർവീസിന് ഇറങ്ങുക. നിലവിലുള്ള കരാർ പ്രകാരം ഈ ട്രെയിനുകളുടെ തുടർ അറ്റകുറ്റപ്പണികളും കമ്പനി തന്നെ നിർവഹിക്കും. നേരത്തെ 116 അത്യാധുനിക ഡ്രൈവറില്ലാ ട്രെയിനുകൾ റിയാദ് മെട്രോയ്ക്ക് ആൽസ്റ്റോം വിജയകരമായി കൈമാറിയിരുന്നു. 2024 അവസാനത്തോടെ പ്രവർത്തനം തുടങ്ങിയ റിയാദ് മെട്രോ ഇതിനകം പത്ത് കോടിയിലധികം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.

TAGS :

Next Story