നിയമലംഘകരെ പിന്തുടർന്ന് തട്ടിപ്പ് സംഘം; കൃത്രിമ അപകടങ്ങൾ ഉണ്ടാക്കി പണം തട്ടുന്നത് പതിവാകുന്നു
സിറിയ, യമൻ പൗരന്മാരെ റിയാദ് ഗതാഗത വകുപ്പ് പിടികൂടി

റിയാദ്: സൗദിയിൽ ഗതാഗത നിയമലംഘകരെ ലക്ഷ്യമിട്ട് തട്ടിപ്പ് പതിവാകുന്നു. തെറ്റായ ദിശയിലൂടെ വാഹനം ഓടിക്കുന്നവർ, സിഗ്നലുകൾ ലംഘിക്കുന്നവർ തുടങ്ങിയ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെയും ഒറ്റപ്പെട്ട റോഡുകളിലുള്ള വാഹനങ്ങളെയും കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘം വലവിരിക്കുന്നത്. കൃത്രിമ അപകടങ്ങൾ ഉണ്ടാക്കി അത് നിയമലംഘനങ്ങൾ മൂലമാണെന്ന് കെട്ടിച്ചമക്കുകയും പണം ആവശ്യപ്പെടുകയും ചെയ്യുന്ന പുതിയ രീതിയാണ് സംഘം നടത്തി വരുന്നത്.
ഈ രീതിയിൽ ഒന്നിലധികം തട്ടിപ്പ് നടത്തിയ സിറിയയിൽ നിന്നും യമനിൽ നിന്നുമുള്ള പൗരന്മാരെ റിയാദ് ഗതാഗത വകുപ്പ് പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, തട്ടിപ്പുകാർ സ്ത്രീകളെയാണ് ലക്ഷ്യം വച്ചിരുന്നത്, സാഹചര്യം മുതലെടുത്ത് റിപ്പോർട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയോ പണം തട്ടിയെടുക്കുകയോ ചെയ്യുകയായിരുന്നു.
ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും അപകടങ്ങൾ നടന്നാൽ അധികൃതരെ അറിയിക്കണമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. അപകട ശേഷം പണമിടപാടുകൾ സ്വയം നടത്തേണ്ടതില്ലെന്നും ഉദ്യോഗസ്ഥർ അന്വേഷിച്ച ശേഷം നടപടികൾ സ്വീകരിക്കുമെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.
Adjust Story Font
16

