ജിസിസി രാജ്യങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് ജിസിസി മന്ത്രിതല കൗൺസിൽ
ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം

റിയാദ്: ജിസിസി അംഗരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ അതിക്രമങ്ങളെ ശക്തമായി അപലപിച്ച് ജിസിസി മന്ത്രിതല കൗൺസിൽ. ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറുകളുടെ ലംഘനമാണെന്നും കൗൺസിൽ വിലയിരുത്തി. ഏതെങ്കിലും ഒരു ജിസിസി രാജ്യത്തിന് നേരെ ഉണ്ടാകുന്ന ആക്രമണം, മുഴുവൻ അംഗരാജ്യങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമായി കണക്കാക്കും. മേഖലയിലെ സമാധാനവും സ്ഥിരതയും വീണ്ടെടുക്കുന്നതിന് ആക്രമണങ്ങൾ ഉടനടി നിർത്തലാക്കേണ്ടത് അത്യാവശ്യമാണെന്നും സമിതി വ്യക്തമാക്കി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള സംയുക്ത നീക്കങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
ജനവാസ മേഖലകൾ, സേവന കേന്ദ്രങ്ങൾ, സിവിലിയൻ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങൾ വലിയ ഭൗതിക നഷ്ടങ്ങൾ വരുത്തിവെച്ചു. ഇത് ജനങ്ങളുടെ ജീവന് വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും മന്ത്രിമാർ വിലയിരുത്തി. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധിക്കാനുള്ള നിയമപരമായ അവകാശം തങ്ങൾക്കുണ്ടെന്ന് ജിസിസി ആവർത്തിച്ചു. വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ സൗദി വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ, മറ്റ് ജിസിസി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ, സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Adjust Story Font
16

