ദമ്മാമിന് പുതുവർഷ സമ്മാനം; വിസ്മയക്കാഴ്ചകളുമായി ഗ്ലോബൽ സിറ്റി തിങ്കളാഴ്ച തുറക്കും
ഇന്ത്യയുൾപ്പെടെ 15ലധികം രാജ്യങ്ങളുടെ പവലിയനുകളുണ്ടാകും

ദമ്മാം: കിഴക്കൻ പ്രവിശ്യയുടെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ ദമ്മാമിലെ ഗ്ലോബൽ സിറ്റി പദ്ധതി അടുത്ത തിങ്കളാഴ്ച സന്ദർശകർക്കായി തുറന്നു നൽകും. കിഴക്കൻ പ്രവിശ്യാ ഗവർണർ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരനാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. സന്ദർശകർക്ക് സമാനതകളില്ലാത്ത വിനോദവും സാംസ്‌കാരിക വൈവിധ്യവും ആസ്വദിക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയത്. വിവിധ രാജ്യങ്ങളുടെ സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന 15ലധികം പവലിയനുകളാണ് പദ്ധതിയുടെ പ്രധാന ആകർഷണം. ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന വിഭവങ്ങൾ, കലകൾ, ഉൽപ്പന്നങ്ങൾ എന്നിവ ഇവിടെ നേരിട്ട് അനുഭവിക്കാനാകും.
ഏകദേശം രണ്ടര ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഇപ്പോൾ സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത്. നഗരത്തിന് മധ്യത്തിലായി ഒരുക്കിയിരിക്കുന്ന കൂറ്റൻ കൃത്രിമ തടാകം, ഫ്‌ളോട്ടിങ് മാർക്കറ്റ്, അത്യാധുനിക അമ്യൂസ്മെന്റ് പാർക്ക്, ഒരേസമയം 7,000 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ തിയേറ്റർ എന്നിവയാണ് ഇവിടുത്തെ മറ്റു ആകർഷണങ്ങൾ. 30 ബില്യൺ റിയാലിലധികം നിക്ഷേപം നടത്തിയ ഈ മെഗാ പ്രോജക്റ്റ് കിഴക്കൻ പ്രവിശ്യയുടെ സാമ്പത്തിക വളർച്ചയ്ക്കും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വലിയ പങ്കുവഹിക്കും.
Adjust Story Font
16

