Quantcast

പ്രവാചകൻ്റെ ഖബറിടത്തിൽ പുതിയ കൈവരി; നിർമിച്ചത് സ്വർണം പൂശിയ ചെമ്പുകൊണ്ട്

നേരത്തെയുണ്ടായിരുന്ന മരത്തിൽ നിർമ്മിച്ച കൈവരി മാറ്റിയാണ് പുതിയ കൈവരി സ്ഥാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-04-01 17:21:51.0

Published:

1 April 2023 5:17 PM GMT

Rawdah Of Prophet
X

മദീനയിൽ പ്രവാചകന്റെയും അനുചരന്മാരുടേയും ഖബറുകൾ നിലകൊള്ളുന്ന മുറിക്ക് മുന്നിൽ സ്വർണം പൂശിയ കൈവരി സ്ഥാപിച്ചു. നേരത്തെയുണ്ടായിരുന്ന മരത്തിൽ നിർമ്മിച്ച കൈവരി മാറ്റിയാണ് പുതിയ കൈവരി സ്ഥാപിച്ചത്. ഇരുഹറം കാര്യാലയം മേധാവി ഷെയ്ഖ് അബ്ദുറഹ്‌മാൻ അൽസുദൈസ് പുതിയ കൈവരി ഉദ്ഘാടനം ചെയ്തു

അടുത്തടുത്തായാണ് പ്രവാചകൻ മുഹമ്മദ് നബിയുടെയും അനുചരന്മാരായ അബൂബക്കർ സിദ്ദീഖിൻ്റേയും ഉമർ ബിൻ അൽ ഖത്താബിൻ്റെയും ഖബറിടങ്ങൾ. ഇവിടം സന്ദർശിച്ച് ഇവർക്ക് സലാം പറയാനായി ലക്ഷക്കണക്കിന് വിശ്വാസികൾ ഓരോ ദിവസവും മദീനിയിലെ മസ്ജിദു നബവിയിൽ എത്തുന്നു. ഈ ഖബറുകൾ നിലകൊള്ളുന്ന മുറിയുടെ പുറത്താണ് സ്വർണം പൂശിയ കൈവരി സ്ഥാപിച്ചിട്ടുള്ളത്.

ശുദ്ധമായ ചെമ്പിൽ നിർമിച്ച ശേഷം സ്വർണം പൂശിയതാണ് പുതിയ കൈവരി. ഇതിന് 87 മീറ്റർ നീളവും ഒരു മീറ്റർ ഉയരവുമുണ്ട്. വിശ്വാസികളുടെ തിരക്ക് വർധിക്കുമ്പോൾ ഉലയാതെ ഉറച്ച് നിൽക്കാനായി ചെറു തൂണുകളാൽ ശക്തിയേറിയ അടിത്തറയിലാണ് ഇവ ഉറപ്പിച്ചിട്ടുള്ളത്. നേരത്തെയുണ്ടായിരുന്ന മരം കൊണ്ട് നിർമ്മിച്ച കൈവരി മാറ്റിയാണ് പുതിയത് സ്ഥാപിച്ചത്.

ഹിജ്‌റ 91 ൽ ഖലീഫ ഉമർ ബിൻ അബ്ദുൽ അസീസ് നിർമിച്ചതാണ് പ്രവാചകൻ്റെയും അനുചരന്മാരുടേയും ഖബറുകൾ നിലകൊള്ളുന്ന മുറിയുടെ ഭിത്തി . ആറര മീറ്റർ ഉയരവും, 6 മുതൽ 8 മീറ്റർ വരെ നീളവുമുള്ള വാതിലുകളില്ലാത്ത മേൽകൂരയോട് കൂടിയ മുറിക്കുള്ളിലാണ് ഖബറുകൾ സ്ഥിതി ചെയ്യുന്നത്. കറുത്ത കല്ലുകൾ ഉപയോഗിച്ചാണ് ഭിത്തിയുടെ നിർമ്മാണം. ഇതിനും പുറത്തായി 5 മീറ്റർ നീളവും, മൂന്നര മീറ്റർ വീതിയും മൂന്ന് മീറ്റർ ഉയരവുമുള്ള മേൽകൂരയോട് കൂടിയ മറ്റൊരു ഭിത്തിയും സ്ഥാപിച്ചിട്ടുണ്ട്. ഇതിനകത്തേക്ക് പ്രവേശിക്കാനും വാതിലുകളില്ല. ഈ ഭിത്തിക്കും പുറത്തായി തൂക്കിയ കർട്ടനാണ് സന്ദർശകരുൾപ്പെടെ എല്ലാവർക്കും കാണാനാകുക. ഖബറിടത്തിൽ സലാം പറയാനായി സന്ദർശകർ എത്തുന്ന സ്ഥലത്താണ് സ്വർണം പൂശിയ പുതിയ കൈവരി സ്ഥാപിച്ചിട്ടുള്ളത്.

TAGS :

Next Story