Quantcast

'ടി.കെ അഷ്‌റഫിനെതിരായ സർക്കാർ നടപടി പിൻവലിക്കണം'; ഖോബാർ ഇന്ത്യൻ ഇസ്ലാഹി സെന്റർ

MediaOne Logo

Web Desk

  • Published:

    7 July 2025 8:16 PM IST

ടി.കെ അഷ്‌റഫിനെതിരായ സർക്കാർ നടപടി പിൻവലിക്കണം; ഖോബാർ ഇന്ത്യൻ ഇസ്ലാഹി സെന്റർ
X

അൽ ഖോബാർ: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പുതിയ പദ്ധതികൾ ചർച്ചകളില്ലാതെ അടിച്ചേൽപ്പിക്കുന്നതിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ അധ്യാപകനായ ടി.കെ. അഷ്റഫിനെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടി അപലപനീയമാണെന്ന് അൽ ഖോബാർ ഇന്ത്യൻ ഇസ്ലാഹീ സെന്റർ എക്സിക്യുട്ടീവ് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കാതെ, തികച്ചും ഏകാധിപത്യപരമായ രീതിയിലാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് സെന്റർ ആരോപിച്ചു. അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ടി.കെ. അഷ്റഫിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നും പ്രസ്താവനയിൽ പറയുന്നു.

ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന കേരളീയ പൊതുസമൂഹത്തിന്റെ ഭരണഘടനാ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമായാണ് സർക്കാരിന്റെ ഈ സമീപനത്തെ കാണാനാകൂ എന്ന് യോഗം വിലയിരുത്തി. സമൂഹത്തിൽ, പ്രത്യേകിച്ച് കലാലയങ്ങളിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി എന്ന വിപത്തിനെതിരെ ശക്തവും ക്രിയാത്മകവുമായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ നേതൃസ്ഥാനത്തുള്ള ടി.കെ. അഷ്റഫിന്റെ പ്രസ്താവനയെയും സമൂഹത്തിൽ നിന്ന് ഉയർന്നുവന്ന വിയോജിപ്പുകളെയും ദുർവ്യാഖ്യാനിച്ച് സ്ത്രീവിരുദ്ധതയായും പ്രാകൃതമായും ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മർമ്മപ്രധാനമായ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് മതത്തെയും സംസ്‌കാരത്തെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലേക്ക് ചുരുക്കം ചില വാർത്താ ചാനലുകളിലെയും സാമൂഹ്യമാധ്യമങ്ങളിലെയും ചർച്ചകൾ വഴിമാറിപ്പോകുന്നത് ഖേദകരമാണെന്നും സെന്റർ അഭിപ്രായപ്പെട്ടു.

ധാർമ്മിക, മാനവിക, സാംസ്‌കാരിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന, കുടുംബത്തിനും നാടിനും പ്രയോജനകരമാവുന്ന ഒരു സമൂഹത്തെ വാർത്തെടുക്കേണ്ട കലാലയങ്ങളെ ആഭാസങ്ങളിലേക്ക് വഴിതിരിച്ചുവിടാൻ മാത്രം പര്യാപ്തമാകുന്നതും വേണ്ടത്ര പഠനങ്ങൾ നടത്താതെ പ്രയോഗവൽക്കരിക്കാൻ ശ്രമിക്കുന്നതുമായ ഇത്തരം സാംസ്‌കാരിക അധിനിവേശങ്ങൾക്കെതിരെ സമൂഹം ഉണരണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എതിർ ശബ്ദങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ജനാധിപത്യവിരുദ്ധ നടപടികളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അധ്യാപകനെതിരായ സസ്പെൻഷൻ നടപടി പിൻവലിക്കണമെന്നും എക്സിക്യുട്ടീവ് പ്രസ്താവനയിലൂടെ അൽ ഖോബാർ ഇന്ത്യൻ ഇസ്ലാഹീ സെന്റർ ആവശ്യപ്പെട്ടു. സെന്റർ സെക്രട്ടറി ഫക്രുദ്ദീൻ പാടൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ സകരിയ ബി.വി. അധ്യക്ഷത വഹിച്ചു. അൻവർഷാ പ്രമേയം അവതരിപ്പിക്കുകയും അബ്ദുൽ ലത്തീഫ് നന്ദി പറയുകയും ചെയ്തു.

TAGS :

Next Story