ഗ്രാന്റ്-റയാൻ സൂപ്പർ കപ്പ്: അറബ് ഡ്രീംസ് ബ്ലാക്ക് ആൻഡ് വൈറ്റും റോയൽ ട്രാവൽസ് അസീസിയ സോക്കറും സെമിയിൽ
ഗ്രൂപ്പിലെ അവസാന മത്സരങ്ങൾ അടുത്ത വെള്ളിയാഴ്ച

റിയാദ്: ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പിൽ നിന്ന് ഷിനു കാർ മെയ്ന്റനൻസ് സുലൈ എഫ്സിയും എസ് ബി ഗ്രൂപ്പ് പ്രവാസി സോക്കറും പുറത്ത്. വെള്ളിയാഴ്ച നടന്ന ആദ്യ പോരാട്ടത്തിൽ റോയൽ ട്രാവൽസ് അസീസിയ സോക്കറിനോട് സമനില വഴങ്ങിയതോടെയാണ് ഷിനു കാർ മെയ്ന്റനൻസ് സുലൈ എഫ്സി സെമി കാണാതെ പുറത്തായത്. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം സ്‌ക്കോർ ചെയ്തു. ത്വൽഹത്, അക്ഷയ് എന്നിവരാണ് ഗോളുകൾ നേടിയത്. ഇതോടെ ഗ്രൂപ്പ് 'എ'യിൽ നിന്ന് ഏഴ് പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി റോയൽ ട്രാവൽസ് അസീസിയ സോക്കർ സെമിഫൈനലിൽ പ്രവേശിച്ചു. അസീസിയ സോക്കറിന്റെ അനന്തു മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. മോഡേൺ സർക്യൂട്ട് പ്രതിനിധി ശാഹുൽ അൻവർ മാൻ ഓഫ് ദി മാച്ച് ട്രോഫി സമ്മാനിച്ചു.
ടൂർണമെന്റിലെ മറ്റൊരു മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് എസ് ബി ഗ്രൂപ്പ് പ്രവാസി സോക്കറിനെ പരാജയപ്പെടുത്തി അറബ് ഡ്രീംസ് ബ്ലാക്ക് ആൻഡ് വൈറ്റും സെമിയിൽ പ്രവേശിച്ചു. സെമിയിലെത്താൻ വിജയം വേണമെന്നിരിക്കെ മത്സരത്തിനിറങ്ങിയ പ്രവാസി സോക്കറിന്
ബ്ലാക്ക് ആൻഡ് വൈറ്റിനു മേൽ ഒരു തരത്തിലും വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. ഒരു മിനുട്ടിന്റെ മാത്രം ഇടവേളയിൽ നസീഫും റാഫിയും നേടിയ ഗോളുകളിലൂടെ സമ്മർദ്ദത്തിലായ പ്രവാസി സോക്കറിന്റെ നീക്കങ്ങളെല്ലാം പിന്നീട് പിഴക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. മത്സരത്തിൽ റാഫി മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. മീഡിയവൺ റിപ്പോർട്ടർ മിഷാൽ ചെർപ്പുളശ്ശേരി അവാർഡ് സമ്മാനിച്ചു.
നജീബ് നെല്ലാങ്കണ്ടി, സിറാജ് വളളിക്കുന്ന്, ഷംസു പെരുമ്പട്ട, മുജീബ് മൂത്താട്ട്, സലീം പട്ടിക്കാട്, ലത്തീഫ് മടവൂർ, ആബിദ് പറളിക്കുന്ന്, അൻഷാദ് ധർമ്മടം, ബഷീർ കല്ല്യാശ്ശേരി, സഹീർ മേപ്പാടി, ജാഫർ വയനാട്, അബു താഹിർ ഒറ്റപ്പാലം, ഷഫീഖ് ബീരാൻ, നൗഫൽ ചപ്പപടി, നൗഫൽ തിരൂർ, അഷ്റഫ് ഷൊർണ്ണൂർ, സിദ്ദീഖ് മാട്ടൂൽ, അഷ്റഫ് കൂത്ത്പറമ്പ്, സിയാദ് മണ്ണാർക്കാട്, ഷാഹുൽ അൻവർ, ഹിജാസ് പുത്തൂർമഠം, ഹനീഫ കൊടുവളളി, മുസ്തഫ വേളൂരാൻ, മുസമ്മിൽ തങ്ങൾ, ഖാദർ പൊന്നാനി എന്നിവർ വിവിധ മത്സരങ്ങളിൽ കളിക്കാരുമായി പരിചയപ്പെട്ടു.
അടുത്ത വെള്ളിയാഴ്ച നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് എഫ് സി വാഴക്കാട് റിയൽ കേരള എഫ്സിയെയും യൂത്ത് ഇന്ത്യ സോക്കർ ലാന്റേൺ എഫ്‌സിയെയും നേരിടും.
Adjust Story Font
16

