Quantcast

'അള്ളാഹു നിശ്ചയിച്ചാൽ ഞാൻ പോകും'; വിമാനത്താവളത്തിലെ സുരക്ഷാപ്രശ്‌നത്തിൽ കുടുങ്ങി യുവാവിന്റെ ഹജ്ജ് യാത്ര മുടങ്ങുന്നു, ഒടുവിൽ സംഭവിച്ചത്...

ആമിറിനെ ഉപേക്ഷിച്ച് പറന്നുയർന്ന വിമാനം സാങ്കേതിക തകരാറുകളാൽ രണ്ടു തവണ തിരിച്ചിറക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    29 May 2025 10:05 PM IST

അള്ളാഹു നിശ്ചയിച്ചാൽ ഞാൻ പോകും; വിമാനത്താവളത്തിലെ സുരക്ഷാപ്രശ്‌നത്തിൽ കുടുങ്ങി യുവാവിന്റെ ഹജ്ജ് യാത്ര മുടങ്ങുന്നു, ഒടുവിൽ സംഭവിച്ചത്...
X

അറബ് ലോകത്തെ സോഷ്യൽ മീഡിയകളിലാകെ ഇപ്പോൾ വൈറലാകുന്നത് ലിബിയക്കാരനായ ആമിർ ഗദ്ദാഫിയുടെ കഥയാണ്. ഹജ്ജിനായി പുറപ്പെട്ട ആമിറിന് മുന്നിൽ വന്നുവീണ പ്രതിസന്ധികളും അതിന്റെ പര്യവസാനവും ഏതൊരാളെയും അത്ഭുതപ്പെടുത്തുന്നതാണ്. "നിന്റെ വിളികേട്ട് ഞാനിതാ എത്തിയിരിക്കുന്നു റബ്ബേ" എന്ന ലബ്ബൈക് മന്ത്രിച്ചാണ് ഓരോ തീർഥാടകനും മക്കയിലേക്ക് പുറപ്പെടാറ്. അങ്ങിനെ വിളിച്ചവന്റെ വിളി റബ്ബ് കേട്ട കഥയാണിത്...

ലിബിയയിൽ നിന്നും ഒരു തീർഥാടക സംഘം ഹജ്ജിനായി പുറപ്പെടുന്നു. വിമാനത്താവളത്തിലെത്തിയ സംഘം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി. പക്ഷേ, ഒരാൾ മാത്രം എമിഗ്രേഷനിൽ അദ്ദേഹത്തിന്റെ പേരുമായി ബന്ധപ്പെട്ട സാങ്കേതിക സംശയത്തിൽ വൈകി. 'നിങ്ങൾക്ക് ഉടൻ പോകാം, വൈകില്ല' എമിഗ്രേഷനിലുള്ളവർ അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ, സ്ഥിതി മാറി മറിഞ്ഞു. വിമാനം പുറപ്പെടാൻ സമയമായിട്ടും അദ്ദേഹത്തിന്റെ നടപടി പൂർത്തിയായില്ല. വിമാനത്തിന്റെ വാതിലടഞ്ഞു. അപ്പോഴേക്കും നടപടി പൂർത്തിയാക്കി ഓടിയെത്തിയെങ്കിലും പൈലറ്റ് സമ്മതിച്ചില്ല. വാതിൽ തുറക്കപ്പെട്ടില്ല. ആമിറില്ലാതെ വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടു.

'അള്ളാഹുവാണ് ഹജ്ജിന് അവസരം നൽകുന്നത്. നിരാശപ്പെടേണ്ട, ഇത്തവണ നിങ്ങൾക്കത് വിധിച്ചിട്ടില്ല,' എന്നായിരുന്നു എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ ആമിറിനോട് പറഞ്ഞത്. എന്നാൽ ആമിറിന്റെ മറുപടി ഉറച്ചതായിരുന്നു: 'ഞാൻ ഹജ്ജിന് നിയ്യത്തെടുത്തവനാണ്. അള്ളാഹു നിശ്ചയിച്ചാൽ ഞാൻ പോയിരിക്കും.'

പിന്നീട് നടന്ന സംഭവങ്ങൾ എല്ലാവരെയും ഞെട്ടിച്ചു. ആമിറില്ലാതെ പുറപ്പെട്ട വിമാനം അപ്രതീക്ഷിതമായി സാങ്കേതിക പ്രശ്നങ്ങൾ കാരണം തിരിച്ചിറക്കേണ്ടി വന്നു. പ്രശ്നങ്ങൾ പരിഹരിച്ച ശേഷം വിമാനം വീണ്ടും പുറപ്പെടാൻ തയ്യാറായെങ്കിലും, ആമിറിനെ പ്രവേശിപ്പിക്കാൻ പൈലറ്റ് ഉൾപ്പെടെയുള്ളവർ തയ്യാറായില്ല. 'ഇത് നിങ്ങൾക്ക് വിധിക്കപ്പെട്ടതല്ല ആമിർ,' എന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ ആവർത്തിച്ചു.

എന്നാൽ പുറത്തേക്ക് പോകാൻ കൂട്ടാക്കാതെ ആമിർ കാത്തിരുന്നു. വീണ്ടും വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങൾ. വൈകാതെ വീണ്ടും തിരിച്ചിറക്കി. തകരാർ ശരിയാക്കിയെങ്കിലും പൈലറ്റിന് മാനസികമായ പിരിമുറുക്കം. ആമിറില്ലാതെ പോകില്ലെന്നായി പൈലറ്റ്. ഒടുവിൽ അദ്ദേഹത്തിന് മുന്നിൽ ഹജ്ജിന്റെ വാതിൽ തുറന്നു.

ജിദ്ദയിലെത്തിയപ്പോൾ ഒരുമിച്ച് ഫോട്ടോയെടുത്താണ് വിമാനത്തിലെ പൈലറ്റുമാരുൾപ്പെടെ അദ്ദേഹത്തെ യാത്രയാക്കിയത്. ലബ്ബൈക് വിളികളിലമരുന്ന തെരുവിലൂടെ അള്ളാഹുവിന്റെ അതിഥിയായി ഇത്തവണ ആമിറും ഹജ്ജ് ചെയ്യും.

TAGS :

Next Story