Quantcast

ഹജ്ജ് മുന്നൊരുക്കം: കഅബയുടെ കിസ്‌വ ഉയർത്തിക്കെട്ടി

കഅബയുടെ മുറ്റത്തേക്ക് ഹാജിമാർക്ക് മാത്രമാണ് പ്രവേശനം

MediaOne Logo

Web Desk

  • Published:

    14 May 2025 10:39 PM IST

Hajj preparations: Kaabas Kiswa raised
X

മക്ക: ഹജ്ജ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മക്കയിൽ വിശുദ്ധ കഅബയെ അണിയിച്ച കിസ്‌വ(മൂടുപടം)യുടെ അടിഭാഗം ഉയർത്തിക്കെട്ടി. ഹജ്ജ് തീർത്ഥാടകരുടെ തിരക്ക് വർധിച്ച് തുടങ്ങിയതോടെയാണ് കിസ്‌വ ഉയർത്തിക്കെട്ടിയത്. കഅബയുടെ മുറ്റത്തേക്ക് ഹജ്ജ് കഴിയുന്നത് വരെ ഹാജിമാർക്ക് മാത്രമാണ് പ്രവേശനം.

ഹജ്ജ് സീസണിലെ തിരക്ക് വർധിക്കുന്നതിന്റെ മുന്നോടിയായാണ് കിസ്‌വ ഉയർത്തിക്കെട്ടിയത്. കഅബയുടെ മൂടുപടം അഥവാ കിസ്‌വയുടെ നാല് ഭാഗവും തറനിരപ്പിൽ നിന്ന് മൂന്ന് മീറ്ററാണ് ഉയർത്തിയത്. ഉയർത്തിയ ഭാഗം പിന്നീട് വെളുത്ത കോട്ടൺ തുണികൊണ്ട് രണ്ടര മീറ്റർ ഉയരത്തിൽ മൂടിക്കെട്ടിയിട്ടുണ്ട്.

ഹജ്ജ് കാലത്ത് തിരക്കിനിടയിൽ തീർത്ഥാടകരുടെ പിടിവലി മൂലം കേടുപാടുകൾ സംഭവിക്കുന്നതൊഴിവാക്കാനാണ് നടപടി. തെറ്റായ വിശ്വാസപ്രകാരം കിസ്‌വയുടെ ഭാഗങ്ങൾ മുറിച്ചെടുക്കാനും തീർത്ഥാടകർ ശ്രമിക്കാറുണ്ട്. ഇത് ഒഴിവാക്കുന്നതിനും വേണ്ടിയാണ് കിസ്‌വ ഉയർത്തിക്കെട്ടുന്നത്.

ഹജ്ജിന് ശേഷം കഅബയെ പുതിയ മൂടുപടം അണിയിക്കും. മുഹറം ഒന്നിനാണ് കിസ്‌വ മാറ്റൽ ചടങ്ങ്. കഅബയുടെ പവിത്രത മാനിക്കുന്ന തരത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. 42 വിദഗ്ധ തൊഴിലാളികൾ ചടങ്ങിന് നേതൃത്വം നൽകി. 11 ക്രെയിനുകൾ ഉപയോഗിച്ച് നാലുമണിക്കൂർ നീണ്ടു ജോലികൾ പൂർത്തിയാക്കാൻ. ഹജ്ജ് തീർത്ഥാടകർക്ക് മാത്രമാണ് ഇപ്പോൾ ഹറമിന്റെ മുറ്റത്തേക്ക് പ്രവേശനമുള്ളത്. സീസണിന്റെ ഭാഗമായി ഹറം പള്ളി പൂർണമായും ആരാധനകൾക്കായി തുറന്ന് നൽകും.

TAGS :

Next Story