ഹജ്ജ്- ഉംറ വിസകള്‍ ഇനി മുതല്‍ സ്മാര്‍ട്ട് ഫോണില്‍: ബയോമെട്രിക് സംവിധാനത്തിന് സൗദിയില്‍ തുടക്കം
. വ്യക്തിഗത വിവരങ്ങള്‍ തീര്‍ഥാടകര്‍ തന്നെ നല്‍കുന്നതോടെ സ്മാര്‍ട്‌ഫോണില്‍ വിസ ലഭിക്കുന്നതാണ് പുതിയ രീതി. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സ്മാര്‍ട്ട് ഫോണുകളിലൂടെ തീര്‍ഥാടകര്‍ക്ക് ഹജ്ജ്- ഉംറ വിസകള്‍ അനുവദിക്കുന്ന ബയോമെട്രിക് സംവിധാനത്തിന് സൗദി അറേബ്യ വിദേശ രാജ്യങ്ങളില്‍ തുടക്കം കുറിച്ചു. ബംഗ്ലാദേശിലാണ് പദ്ധതി ആരംഭിച്ചത്. വ്യക്തിഗത വിവരങ്ങള്‍ തീര്‍ഥാടകര്‍ തന്നെ നല്‍കുന്നതോടെ സ്മാര്‍ട്‌ഫോണില്‍ വിസ ലഭിക്കുന്നതാണ് പുതിയ രീതി. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിദേശ തീര്‍ഥാടകര്‍ക്ക് എളുപ്പത്തില്‍ ഹജ്ജ്- ഉംറ വിസകള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. ഇതുവരെയുള്ള രീതിയനുസരിച്ച് വിദേശികള്‍ ഏതെങ്കിലും ഏജന്‍സികള്‍ വഴി വ്യക്തിഗത വിവരങ്ങള്‍ നല്‍കിയാണ് വിസ സംഘടിപ്പിച്ചിരുന്നത്. ഇനിമുതല്‍ അത് ഓരോ വ്യക്തിക്കും നേരിട്ട് നല്‍കുവാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. വിരലടയാളമടക്കമുള്ള സുപ്രധാന വ്യക്തിഗത സവിശേഷതകള്‍ സ്വയം രേഖപ്പെടുത്താന്‍ കഴിയുന്ന ബയോമെട്രിക്ക് ആപ്ലിക്കേഷനാണ് ഇതിനായി സൗദി അറേബ്യ പുറത്തിറക്കിയിരിക്കുന്നത്.
പദ്ധതിയുടെ ആദ്യ ഘട്ടം ബംഗ്ലാദേശില്‍ തുടക്കം കുറിച്ചു. സംവിധാനം ഉടന്‍ മറ്റു രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മികച്ചതാക്കുന്നതിനും നടപടികള്‍ എളുപ്പമാക്കുന്നതിനും പുതിയ രീതി സഹായിക്കും. വിസ നല്‍കുന്ന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ ഹജ്ജ്- ഉംറ വിസകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് അവരുടെ മൊബൈലുകളില്‍ നിന്ന് തന്നെ അപേക്ഷ സമര്‍പ്പിക്കാം.
ബയോമെട്രിക് സംവിധാനത്തിലെ രജിസ്‌ട്രേഷന്‍ അനുസരിച്ച് ഇലക്ട്രോണിക് സംവിധാനത്തിലൂടെ വിസകള്‍ ലഭിക്കുകയും ചെയ്യും. പുതിയ സംവിധാനത്തിലൂടെ ഉംറ- ഹജ്ജ് വിസ നടപടികള്‍ക്ക് വേഗമേറും.
Adjust Story Font
16

