മുഴുവൻ ഇന്ത്യൻ ഹാജിമാർക്കും മശാഇർ മെട്രോ സേവനം: ഹജ്ജിലേക്ക് യാത്ര എളുപ്പമാകും
ഹജ്ജിന് ഹാജിമാർ തങ്ങുന്ന മിനായേയും അറഫ മുസ്ദലിഫ എന്നിവയേയും ബന്ധിപ്പിക്കുന്നതാണ് മശാഇർ മെട്രോ

ജിദ്ദ: ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ മുഴുവൻ ഹാജിമാർക്കും ഇത്തവണ മശാഇർ മെട്രോ സേവനം ലഭ്യമാകും. ഹജ്ജിന് ഹാജിമാർ തങ്ങുന്ന മിനായേയും അറഫ മുസ്ദലിഫ എന്നിവയേയും ബന്ധിപ്പിക്കുന്നതാണ് മശാഇർ മെട്രോ. ഇവിടേക്ക് ഏറ്റവും എളുപ്പത്തിൽ യാത്രാ ചെയ്യാനുള്ള മെട്രോ സംവിധാനം ഇന്ത്യൻ ഹാജിമാർക്ക് നേട്ടമാകും.
ഹജ്ജ് ചടങ്ങുകൾ നടക്കുന്ന പുണ്യ നഗരങ്ങളായ അറഫ, മിന, മുസ്ദലിഫ, ജംറ എന്നിവിടങ്ങളിലാണ് ഹജ്ജ് ദിനങ്ങളിൽ ഹാജിമാർക്ക് യാത്ര ചെയ്യാൻ ഉള്ളത്. ഇവയെ ബന്ധിപ്പിക്കുന്ന മശാഇർ മെട്രോ സർവീസ് ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള മുഴുവൻ ഹാജിമാർക്കും ലഭ്യമാകുന്നത്. നേരത്തെ പകുതിയിലധികം ഹാജിമാർക്കും മിനായിൽ നിന്നും ബസ് വഴിയായിരുന്നു യാത്ര. മിനായിൽ നിന്നും ഹാജിമാർ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിലേക്ക് പോവുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട യാത്ര. അറഫയിലേക്ക് പത്ത് ലക്ഷം ഹാജിമാരേയും മിനായിൽ നിന്നെത്തിക്കണം.
ഇതിൽ പകുതി പേർ ബസ്സിലും പകുതി പേർ മെട്രോയിലും നീങ്ങും. ഏതെങ്കിലും കാരണത്താൽ ബസ് വൈകിയാൽ അറഫയിലെത്താനാകാത്ത സ്ഥിതിയുണ്ടാകും. മശാഇർ മെട്രോ സർവീസ് ലഭിക്കുന്നതോടെ യാത്ര എളുപ്പമാകും. ക്ഷീണമില്ലാതെ ഹാജിമാർക്ക് കർമങ്ങൾക്ക് നീങ്ങുകയും ചെയ്യാം. മെട്രോയിൽ യാത്ര ചെയ്യാൻ വേണ്ടി ടിക്കറ്റുകൾ വേണം. ഇത് ജൂലൈ ആറാം തിയതിക്ക് മുന്നേ വിതരണം ചെയ്യും.
ഹാജിമാരുടെ സേവനത്തിനായി നാട്ടിൽ നിന്നെത്തിയ ഖാദിമുൽ ഹുജ്ജാജ് അഥവാ വളണ്ടിയർ വഴിയാണ് ഇത് വിതരണം ചെയ്യുക. ഹജ്ജ് കർമങ്ങൾ നടക്കുന്ന ഏഴ് ദിനങ്ങളിലും ഹാജിമാർക്ക് മെട്രോ സേവനം ഉപയോഗപ്പെടുത്താം.
Adjust Story Font
16

