സൗദിയിലെ അല്‍കോബാറില്‍ ഇന്ത്യന്‍ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു
തെലങ്കാന ഹൈദരാബാദ് ടോളിചൗക്കി സ്വദേശിനി സൈദ ഹുമൈറ അംറീനാണ് ആത്മഹത്യക്ക് ശ്രമിച്ചത്

ദമ്മാം: സൗദിയിലെ അൽകോബാർ ശിമാലിയയിലെ താമസ സ്ഥലത്ത് ഇന്ത്യൻ സ്വദേശിനിയായ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തെലങ്കാന ഹൈദരാബാദ് ടോളിചൗക്കി സ്വദേശിനി സൈദ ഹുമൈറ അംറീനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മകൻ മുഹമ്മദ് യുസുഫ് അഹമ്മദി(3)നെയും ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ് (6), മുഹമ്മദ് ആദിൽ അഹമ്മദ് (6), എന്നിവരെയും കൊലപ്പെടുത്തിയ ശേഷമാണ് മാതാവ് ആത്മഹത്യക്ക് ശ്രമിച്ചത്. മുഹമ്മദ് ഷാനവാസിന്റെ ഭാര്യയാണ് സൈദ.
ബാത്ത് ടബ്ബിൽ വെള്ളം നിറച്ച് കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിക്കവേ യുവതി കാൽവഴുതി വീണ് ബോധം നഷ്ടപ്പെട്ടു. പിന്നീട് ഭർത്താവ് എത്തി വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്.
ആറ് മാസം മുമ്പാണ് കുടുംബം സന്ദർശന വിസയിൽ സൗദിയിലെത്തിയത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്കും ആത്മഹത്യാ ശ്രമത്തിലേക്കും നയിച്ചതെന്നാണ് കരുതുന്നത്. എന്നാൽ ഭാര്യക്ക് മാനസിക പ്രശ്‌നമുള്ളതായി ഭാർത്താവ് പറഞ്ഞു.
സൗദി റെഡ്ക്രസൻറ് എത്തി മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടികളുടെ മൃതദേഹങ്ങൾ ദമ്മാമിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
(ആത്മഹത്യ പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
Adjust Story Font
16

