സൗദിയിൽ കുടുങ്ങിയ ഇറാൻ തീർഥാടകരുടെ മടക്കയാത്ര ആരംഭിച്ചു
ഇറാഖ് വഴിയായിരിക്കും ഹാജിമാരെ നാട്ടിലെത്തിക്കുക

റിയാദ്: സൗദിയിൽ കുടുങ്ങിയ ഇറാൻ തീർഥാടകരുടെ ആദ്യ സംഘത്തിന്റെ മടക്കയാത്ര ആരംഭിച്ചു. ഇറാൻ ഇസ്രായേൽ സംഘർഷത്തിനിടെ വ്യോമ മേഖല അടച്ചതോടെയാണ് നിരവധി ഹാജിമാർ സൗദിയിൽ കുടുങ്ങിയത്. ജിദ്ദ, മദീന, അറാർ എന്നീ വിമാനത്താവളങ്ങൾ വഴിയാണ് യാത്ര ഒരുക്കുക. ആദ്യ സംഘം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് യാത്ര തിരിച്ചു.
സൽമാൻ രാജാവിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇറാഖ് വഴിയായിരിക്കും ഇവരെ നാട്ടിലെത്തിക്കുക. സുരക്ഷിതമായി സ്വദേശത്തേക്ക് മടങ്ങാൻ അവസരമൊരുങ്ങുന്നത് വരെ ഹാജിമാർക്ക് എല്ലാ സഹായങ്ങളും നൽകാൻ നേരത്തെ നിർദ്ദേശമുണ്ടായിരുന്നു. ഇതിനായി പ്രത്യേക ഓപ്പറേഷൻസ് റൂമും പ്രവർത്തിക്കുന്നുണ്ട്. ഇറാനിൽ നിന്നും ഇത്തവണ 90,000ത്തിലധികം തീർത്ഥാടകരാണ് രാജ്യത്തെത്തിയത്. ഹജ്ജ് അവസാനിച്ച തൊട്ടടുത്ത സാഹചര്യത്തിൽ സംഘർഷം ആരംഭിച്ചതിനാൽ ഭൂരിഭാഗം തീർത്ഥാടകരും രാജ്യത്ത് കുടുങ്ങുകയായിരുന്നു.
Adjust Story Font
16

