ഗസ്സ പിടിച്ചടക്കാനുള്ള ഇസ്രായേൽ നീക്കം; നയതന്ത്ര നീക്കങ്ങളുമായി സൗദി
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാന്റെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്

റിയാദ്: ഗസ്സ പിടിച്ചടക്കാനുള്ള ഇസ്രായേലിന്റെ പുതിയ നീക്കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സൗദി അറേബ്യ. സ്ഥിതിഗതികൾ ശാന്തമാക്കാനും യുദ്ധം അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് സൗദി അറേബ്യ നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കി. വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാന്റെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്. യുദ്ധം അവസാനിപ്പിക്കുക, വെടിനിർത്തൽ പ്രഖ്യാപിക്കുക തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. ഫ്രാൻസ്, ജർമ്മനി, തുർക്കി, ഈജിപ്ത്, യൂറോപ്യൻ യൂണിയൻ എന്നിവയിലെ പ്രതിനിധികളുമായി ഫോണിലൂടെ മന്ത്രി ചർച്ചകൾ പൂർത്തിയാക്കി.
ഗസ്സ പിടിച്ചടക്കാനുള്ള ഇസ്രായേലിന്റെ പുതിയ നീക്കത്തിന് സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കാൽ ലക്ഷം റിസർവ് സൈനികരെ കൂടി വിന്യസിക്കാൻ ഇസ്രായേൽ ഒരുങ്ങുകയാണ്. ഈ നീക്കത്തെ സൗദി ശക്തമായ ഭാഷയിൽ അപലപിച്ചു. പുതിയ തീരുമാനം വംശഹത്യക്കും, നിർബന്ധിത കുടിയൊഴിപ്പിക്കലിനും കാരണമാകുമെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും സൗദി മുന്നറിയിപ്പ് നൽകി.
Adjust Story Font
16

