Quantcast

പി.എച്ച് അബ്ദുള്ള മാഷിന്റെ നിര്യാണത്തിൽ കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റർ അനുശോചിച്ചു

മാപ്പിള കലാ അക്കാദമി എന്ന സംഘടനക്ക് രൂപം നൽകിയ വ്യക്തി കൂടിയാണ് അദ്ദേഹം

MediaOne Logo

Web Desk

  • Published:

    7 May 2024 3:40 PM GMT

പി.എച്ച് അബ്ദുള്ള മാഷിന്റെ നിര്യാണത്തിൽ കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റർ അനുശോചിച്ചു
X

ജിദ്ദ: കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡൻറും മികച്ച പ്രഭാഷകനും എഴുത്തുകാരനുമായ പി.എച്ച് അബ്ദുള്ള മാഷിന്റെ നിര്യാണത്തിൽ കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റർ അനുശോചിച്ചു. മാപ്പിള കലാ അക്കാദമി എന്ന മഹത്തായ സംഘടനക്ക് രൂപം നൽകിയ മഹാവ്യക്തിത്വമായിരുന്നു അദ്ദേഹം. അക്കാദമിക്ക് കേരളത്തിലങ്ങോളമിങ്ങോളം നൂറ് കണക്കിന് ചാപ്റ്ററുകളുണ്ടായതും എല്ലാ ജില്ലകളിലും വിവിധ ഗൾഫ് നാടുകളിലും സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ സാധിച്ചതും അദ്ദേഹത്തിന്റെ കൃത്യമായ സംഘടനാ പ്രവർത്തന പാടവം ഒന്നുകൊണ്ടു മാത്രമാണ്. മരണം വരെ അദ്ദേഹം സംഘടനയെ മുന്നിൽ നിന്ന് നയിച്ചു. മാപ്പിള കലാ അക്കാദമി 'മാനവികതക്കൊരു ഇശൽ സ്പർശം' എന്ന തലക്കെട്ടിൽ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്ന വേറിട്ട ഒരു കലാ സംഘടനയായി വളർത്തിയതും അതിന് കീഴിൽ പാവപ്പെട്ട കലാകാരന്മാർക്ക് വീട് നിർമിച്ചുകൊടുക്കുന്ന പദ്ധതിയായ 'ഇശൽ ബൈത്ത്' തുടങ്ങിയതുമെല്ലാം അദ്ദേഹത്തിന്റെ ഉൾകാഴ്ചയുടെ ഭാഗമായിരുന്നു. കലാരംഗത്ത് മാത്രമല്ല, രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിലും തിളങ്ങിനിന്നിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.

പി.എച്ച് അബ്ദുള്ള മാഷിൻറെ വിയോഗം മാപ്പിള കലാ അക്കാദമിക്കും ഇതര കലാ, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലക്കും തീരാനഷ്ടം തന്നെയാണെന്നും അശരണർക്കെന്നും താങ്ങും തണലുമായി നിൽക്കാൻ അദ്ദേഹം കാണിച്ചുതന്ന പാതയിലൂടെ നീങ്ങാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റർ പ്രസിഡൻറ് കെ.എൻ.എ ലത്തീഫ്, ജനറൽ സെക്രട്ടറി മുഷ്താഖ് മധുവായി എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

TAGS :

Next Story