ലോകകപ്പിനായൊരുങ്ങി റിയാദ് കിങ് ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയം; പ്രധാന ഘട്ട നിർമാണം പൂർത്തിയായി
തൂങ്ങിനിൽക്കുന്ന സ്റ്റീൽ റിങ് സ്ഥാപിച്ചു

റിയാദ്: ലോകകപ്പിന് വേണ്ടി ഒരുക്കുന്ന സൗദിയിലെ റിയാദിലുള്ള കിങ് ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിന്റെ നിർമാണം പ്രധാന ഘട്ടം പൂർത്തിയായി. സ്റ്റേഡിയത്തിന്റെ മുകളിലേക്ക് തൂങ്ങിനിൽക്കുന്ന സ്റ്റീൽ റിങ് കഴിഞ്ഞ ദിവസം സ്ഥാപിച്ചു. സ്റ്റേഡിയത്തിലെ എല്ലാ ഗാലറികളിൽ നിന്നും 360 ഡിഗ്രി കോണിൽ മത്സരം കാണാൻ സഹായിക്കുന്ന വലിയ ഡിസ്‌പ്ലേ സ്‌ക്രീനിന് താങ്ങായി സ്റ്റീൽ പ്രവർത്തിക്കും. 2034 ഫിഫ ലോകകപ്പിനും അടുത്ത വർഷം നടക്കുന്ന ഏഷ്യൻ കപ്പിനും റിയാദ് കിങ് ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയം വേദിയാകും. 72,000 പേർക്കിരിക്കാവുന്നതാകും സ്റ്റേഡിയം.
ലോകകപ്പിന് സൗദി പുതിയ സ്റ്റേഡിയങ്ങൾക്ക് പുറമെ പഴയ സ്റ്റേഡിയങ്ങൾ പുതുക്കി നിർമിക്കുന്നുമുണ്ട്. പുതുക്കി നിർമിക്കുന്ന വിഭാഗത്തിലാണ് ഈ സ്റ്റേഡിയം. പഴയ ടെന്റ് രൂപത്തിലുള്ള മേൽക്കൂരയുടെ സവിശേഷത നിലനിർത്തിക്കൊണ്ടുതന്നെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുനർനിർമാണം. 1987-ൽ തുറന്ന ഈ സ്റ്റേഡിയത്തിന് 68,000 ആയിരുന്നു പരമാവധി സീറ്റിങ് ശേഷി. വികസനത്തിനു ശേഷം ഏകദേശം 70,000 മുതൽ 72,000 വരെ കാണികൾക്ക് ഇരിക്കാൻ സൗകര്യമുണ്ടാകും. പിച്ച് താഴ്ത്തി പുതിയ താഴ്ന്ന നിര സീറ്റുകൾ ചേർത്താണ് ശേഷി വർധിപ്പിക്കുന്നത്. അത്‌ലറ്റിക്‌സ് ട്രാക്ക് നീക്കം ചെയ്ത് ഫുട്‌ബോളിന് മാത്രമായി മാറ്റുകയും ചെയ്യുന്നു. പോപ്പുലസ് എന്ന കമ്പനിയാണ് ഡിസൈൻ ചെയ്തത്. സൗദി ബിൻലാദിൻ ഗ്രൂപ്പ് നിർമാണം നടത്തുന്നുത്. ചെലവ് ഏകദേശം ഒരു ബില്യൺ ഡോളറാണ്. നിർമാണത്തിന് സൗദി അവ്വാൽ ബാങ്കിൽ നിന്നുള്ള ക്രെഡിറ്റ് സൗകര്യവും ഉപയോഗിക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം. 2027-ലെ എഎഫ്സി ഏഷ്യാകപ്പിന്റെ ഉദ്ഘാടന മത്സരവും ഫൈനലും ഉൾപ്പെടെ നിരവധി മത്സരങ്ങൾക്ക് ഈ സ്റ്റേഡിയം വേദിയാകും. 2034-ലെ ഫിഫ വേൾഡ് കപ്പിലും പ്രധാന വേദികളിൽ ഒന്നായിരിക്കും ഇത്.
Adjust Story Font
16

