Quantcast

‘ഹൃദയപൂർവ്വം കേളി’ക്ക് കോഴിക്കോട് ഡെർമറ്റോളജി ആശുപത്രിയുടെ ആദരം

MediaOne Logo

Web Desk

  • Published:

    17 Feb 2026 3:30 PM IST

‘ഹൃദയപൂർവ്വം കേളി’ക്ക് കോഴിക്കോട് ഡെർമറ്റോളജി ആശുപത്രിയുടെ ആദരം
X

റിയാദ്: കേളി കലാസാംസ്‌കാരിക വേദിക്ക് കോഴിക്കോട് ചേവായൂർ ഡെർമറ്റോളജി ആശുപത്രിയുടെ ആദരം. കഴിഞ്ഞ മൂന്ന് വർഷമായി ആശുപത്രിയിൽ തുടർന്നുവരുന്ന സേവന പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരം. കേളിയുടെ പതിനൊന്നാം സമ്മേളനത്തിൽ പ്രഖ്യാപിച്ച ‘ഹൃദയപൂർവ്വം കേളി’ (ഒരുലക്ഷം പൊതിച്ചോർ പദ്ധതി) യുടെ ഭാഗമായി ആശുപത്രിയിലെ അന്തേവാസികളുടെ പാചകക്കാരന്റെ ഒരു വർഷത്തെ ശമ്പളം തുടർച്ചയായി മൂന്ന് വർഷമായി നൽകിവരികയാണ്. കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലുള്ള ‘സ്‌നേഹ സ്പർശം’ കൂട്ടായ്മയാണ് സഹായധനം കണ്ടെത്തുന്നത്.

കുഷ്ഠരോഗ നിർമാർജന വാർഷികാചരണമായ ‘സ്പർശം 2026’ന്റെ ഭാഗമായി ആശുപത്രി സംഘടിപ്പിച്ച പരിപാടിയിലാണ് കേളിക്കുള്ള ആദരം കൈമാറിയത്. ചടങ്ങിൽ സീനിയർ ഡോക്ടർ ബിജു അധ്യക്ഷനായി. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കിഴക്കേകണ്ടിയിൽ നിന്ന് കേളി മുൻ കേന്ദ്രകമ്മറ്റി അംഗം ഹസ്സൻ കോയ പാറോപ്പടി മൊമെന്റോ ഏറ്റുവാങ്ങി.

സൂപ്രണ്ട് അനൂപ് ബാലഗോപാലൻ, നഴ്സിംഗ് സൂപ്രണ്ട് ലീജ എസ് ലാൽ, സ്റ്റോർ സൂപ്രണ്ട് രജിത് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അശരണരെ ചേർത്ത് പിടിക്കുന്നവർക്ക് ഒപ്പം നിന്നുകൊണ്ട് ഒരുലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്ത പദ്ധതിയാണ് ‘ഹൃദയപൂർവ്വം കേളി’. ആറുമാസം മുൻപ് പദ്ധതി വിജയകരമായി പൂർത്തിയാക്കിയിരുന്നു. ‘സ്‌നേഹ സ്പർശം’ വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ കേളി അംഗങ്ങളുടെ നേതൃത്വത്തിൽ പൊതുസമൂഹത്തെ പങ്കാളികളാക്കി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്നു. മൂന്ന് വർഷമായി ആശുപത്രിയിലെ പാചകക്കാരന്റെ ശമ്പളം കേളി നൽകി വരുന്നു.

TAGS :

Next Story