സൗദിയിലെ തൊഴിൽ നിയമങ്ങളും,പിഴകളും പരിഷ്കരിച്ചു
തൊഴിൽ മേഖലയിലെ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കരണം

റിയാദ്: സൗദിയിലെ തൊഴിൽ നിയമങ്ങളും, പിഴകളും പരിഷ്കരിച്ചു. തൊഴിൽ മേഖലയിലെ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കരണം. ലൈസൻസില്ലാതെ പ്രവർത്തിക്കുക, അനുമതിയില്ലാതെ സൗദികളെ ജോലിക്കെടുക്കുക, നിയമപരമല്ലാതെ മറ്റൊരു തൊഴിലുടമക്കായി ജോലി ചെയ്യുക എന്നിവ ഗുരുതര കുറ്റമായി കണക്കാക്കും. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് അറിയിപ്പ്. വിദൂര ജോലി അഥവാ റീമോർട് വർക്ക്, ഫ്ലെക്സിബിൾ വർക്ക് എന്നിവക്കനുസൃതമായാണ് മാറ്റങ്ങൾ. പ്രധാന നിയമ ലംഘനങ്ങളും പിഴകളും ഇപ്രകാരമാണ്. ലൈസൻസില്ലാതെ റിക്രൂട്ട് ചെയ്യുക, ഔട്സോഴ്സിങ്, തൊഴിൽ സേവനങ്ങൾ നൽകുക എന്നിവ ഗുരുതര നിയമ ലംഘനമായി കണക്കാക്കും. 2,00,000 റിയാൽ മുതൽ 2,50,000 റിയാൽ വരെയായിരിക്കും നിയമം ലംഘിച്ചാൽ പിഴ ഈടാക്കുക.
ലൈസൻസില്ലാതെ സൗദികളെ ജോലിക്കെടുത്താൽ പിഴ 2,00,000 ചുമത്തും. വർക്ക് പെർമിറ്റില്ലാതെ വിദേശികളെ ജോലിക്കായി നിയമിക്കുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാണ്. 10,000 റിയാൽ വരെയായിരിക്കും പിഴ ചുമത്തുക. തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പിഴ അധികം നൽകേണ്ടി വരും. സൗദികൾക്ക് മാത്രമായി നിശ്ചയിച്ചിട്ടുള്ള ജോലികളിൽ വിദേശികളെ നിയമിക്കുകയോ, സാധുവായ തൊഴിൽ ബന്ധമില്ലാതെ സൗദി തൊഴിലാളികളെ രജിസ്റ്റർ ചെയ്യുന്നതും നിയമ ലംഘനമായി കണക്കാക്കും. ഇതിന് 2000 റിയാൽ മുതൽ 8000 റിയാൽ വരെ പിഴ ലഭിക്കാം. ഒരു തൊഴിലുടമ മറ്റൊരു വ്യക്തിക്ക് വേണ്ടിയോ സ്വന്തം അക്കൗണ്ടിന് വേണ്ടിയോ ജോലി ചെയ്യാൻ ഒരു ജീവനക്കാരനെ അനുവദിക്കുകയാണെങ്കിൽ 10,000 റിയാൽ മുതൽ 20,000 റിയാൽ വരെ പിഴ ലഭിക്കും. ജീവനക്കാരൻ മറ്റൊരു തൊഴിലുടമക്ക് വേണ്ടി ജോലി ചെയ്യുന്നതും 5000 റിയാൽ മുതൽ പിഴ ലഭിക്കാവുന്ന കുറ്റമാണ്.
Adjust Story Font
16

