മദീന ബസ് ദുരന്തം; മുഴുവൻ മൃതദേഹങ്ങളും മദീനയിലെത്തിച്ചു
രക്ഷപ്പെട്ട ഏകവ്യക്തി ശുഐബ് (24) മദീന സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലാണ്

മദീന: മദീനയിൽ ബസ്സിൽ പെട്രോൾ ടാങ്കറിടിച്ച് കത്തി മരിച്ച ഉംറ തീർഥാടകരുടെ മൃതദേഹങ്ങൾ മദീനയിലേക്ക് മാറ്റി. മദീനയിലെ മൂന്ന് ആശുപത്രികളിലായാണ് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ എത്തിച്ചത്. ബസ്സിൽ പെട്രോൾ ടാങ്കർ ഇടിച്ചതോടെ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ച് രക്ഷപ്പെട്ട ഹൈദരാബാദ് സ്വദേശി 24 കാരൻ മുഹമ്മദ് ശുഐബ് മദീന സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ പതിനാറ് ബന്ധുക്കളും അപകടത്തിൽ മരിച്ചു.
ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി മദീനയിലെത്തി നടപടി ക്രമങ്ങളിൽ ഏകോപനം നടത്തുന്നുണ്ട്. ട്രാഫിക് വിഭാഗം നടപടികൾ പൂർത്തിയാക്കുന്നതായി മദീന ഭരണകൂടവും അറിയിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞാൽ മദീനയിൽ തന്നെ ഖബറടക്കം പൂർത്തിയാക്കും. തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
11 കുട്ടികളും 20 സ്ത്രീകളുമടക്കം 43 പേരാണ് ബസ്സിലുണ്ടായിരുന്നത് എന്നാണ് ഉംറ കമ്പനി അറിയിച്ചത്. 46 പേർ എന്നും റിപ്പോർട്ടുകളുണ്ടെങ്കിലും സൗദി ഭരണകൂടത്തിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല. ഇതിൽ ഒരാളൊഴികെ ആരും അപകടത്തിൽ രക്ഷപ്പെട്ടില്ല. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രിയും കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിയും അനുശോചിച്ചിരുന്നു.
ഹൈദരാബാദ് എംപി അസദുദ്ദീൻ ഉവൈസിയും സൗദിയിലെ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ടു. അപകടത്തിന്റെ കാരണം പൊലീസ് അന്വേഷണത്തിലാകും തെളിയുക. ഒരാഴ്ച മക്കയിൽ തങ്ങി ഉംറ പൂർത്തിയാക്കി മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു സംഘം. ഇന്നലെ രാത്രി ഇന്ത്യൻ സമയം പുലർച്ചെ ഒന്നരയോടെ മദീനയിലെ ബദ്റിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.
Adjust Story Font
16

