മക്ക ക്ലോക്ക് ടവർ വീണ്ടും ഗിന്നസ് ബുക്കിൽ; ഇത്തവണ രണ്ട് ലോക റെക്കോർഡുകൾ
മക്ക ക്ലോക്ക് ടവറിന്റെ പേരിലുള്ള ആകെ ഗിന്നസ് റെക്കോർഡുകളുടെ എണ്ണം അഞ്ചായി ഉയർന്നു

മക്ക: മക്കയിലെ പ്രശസ്തമായ ക്ലോക്ക് ടവറിന് രണ്ട് പുതിയ ഗിന്നസ് ലോക റെക്കോർഡുകൾ ലഭിച്ചു. ഒരു കെട്ടിടത്തിനുള്ളിലെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മ്യൂസിയം, ഏറ്റവും ഉയരത്തിലുള്ള തുറന്ന നിരീക്ഷണ കേന്ദ്രം എന്നീ നേട്ടങ്ങളാണ് ടവർ സ്വന്തമാക്കിയത്. മക്ക നഗരത്തിനും പുണ്യസ്ഥലങ്ങൾക്കും വേണ്ടിയുള്ള റോയൽ കമ്മീഷനാണ് ഗിന്നസ് അധികൃതരിൽ നിന്ന് ഇതിനുള്ള ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങിയത്. ഭൂനിരപ്പിൽ നിന്നും 426.875 മീറ്റർ ഉയരത്തിലാണ് ക്ലോക്ക് ടവർ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. തുറന്ന നിരീക്ഷണ കേന്ദ്രമാകട്ടെ 560.875 മീറ്റർ ഉയരത്തിലാണുള്ളത്. മസ്ജിദുൽ ഹറാമിന്റെയും മക്ക നഗരത്തിന്റെയും മനോഹരമായ ആകാശക്കാഴ്ചകൾ ഇവിടെ നിന്നും കാണാനാകും.
2019 മെയ് മാസത്തിലാണ് മ്യൂസിയം സന്ദർശകർക്കായി തുറന്നുകൊടുത്തത്. ടവറിന്റെ ഏറ്റവും മുകളിലത്തെ നാല് നിലകളിലായാണ് ഇത് പ്രവർത്തിക്കുന്നത്. ജ്യോതിശാസ്ത്രം, സമയനിർണയം, മക്കയുടെ ചരിത്രം, ഭീമൻ ക്ലോക്കിന്റെ നിർമാണ രഹസ്യങ്ങൾ എന്നിവയെല്ലാം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇസ്ലാമിക കലണ്ടറിലെ മാസപ്പിറവി നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളെക്കുറിച്ചും അവയുടെ പരിണാമത്തെക്കുറിച്ചും സന്ദർശകർക്ക് ഇവിടെ നിന്നും മനസ്സിലാക്കാം. 2012ൽ നിർമാണം പൂർത്തിയായ ഈ ടവറിന് ആകെ 601 മീറ്ററാണ് ഉയരം. ഏഴ് ടവറുകളുള്ള അബ്രാജ് അൽ ബൈത്ത് സമുച്ചയത്തിന്റെ ഭാഗമാണിത്.
പുതിയ നേട്ടങ്ങളോടെ മക്ക ക്ലോക്ക് ടവറിന്റെ പേരിലുള്ള ആകെ ഗിന്നസ് റെക്കോർഡുകളുടെ എണ്ണം അഞ്ചായി ഉയർന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള ക്ലോക്ക് ടവർ, ഏറ്റവും വലിയ ക്ലോക്ക് മുഖം, ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ലോക്ക് മുഖം എന്നീ റെക്കോർഡുകൾ നേരത്തെ തന്നെ ഈ ടവറിന് സ്വന്തമായിരുന്നു. 43 മീറ്റർ വ്യാസമുള്ള നാല് ക്ലോക്ക് മുഖങ്ങളാണ് ടവറിനുള്ളത്. ലണ്ടനിലെ പ്രശസ്തമായ എലിസബത്ത് ടവറിലെ ക്ലോക്കിനേക്കാൾ ആറിരട്ടി വലിപ്പമുണ്ട് ഇവയ്ക്ക്. തീർഥാടകർക്കും സന്ദർശകർക്കും മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം മക്കയുടെ ചരിത്രപരവും ശാസ്ത്രീയവുമായ പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നേട്ടമെന്ന് റോയൽ കമ്മീഷൻ വ്യക്തമാക്കി.
Adjust Story Font
16

