Quantcast

മക്ക ഹറമിലെത്തുന്നവർക്ക് ഇനി ടെൻഷൻ വേണ്ട; മക്കളുടെ കാര്യം ഇനി ഇവർ നോക്കിക്കോളും

കുട്ടികളെ പരിപാലിക്കുന്നതിനായി രണ്ട് ചിൽഡ്രൻസ് നഴ്‌സറികളാണ് മക്ക ഹറമിൽ ഒരുക്കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    2 April 2024 2:35 PM GMT

Makkah Haram has two childrens nurseries for taking care of children
X

മക്ക: ഹറമിലെത്തുന്ന തീർത്ഥാടകർക്ക് ഇനി കുട്ടികളെ ചൊല്ലിയുള്ള ആവലാതികൾ വേണ്ട, ഹറമിൽ രണ്ട് ചിൽഡ്രൻസ് നഴ്‌സറികൾ (കുട്ടികളുടെ ഹോസ്പിറ്റാലിറ്റി സെന്ററുകൾ) ആണ് കുട്ടികളെ പരിപാലിക്കുന്നതിനായി ഒരുക്കിയിട്ടുള്ളത്. മസ്ജിദുൽ ഹറം മൂന്നാം എക്‌സ്പാൻഷൻ നടക്കുന്ന ഭാഗത്തുള്ള ഹറം എമർജൻസി ഹോസ്പിറ്റലിന്റെ തൊട്ടടുത്ത് നിന്ന് എസ്‌കലേറ്റർ കയറിയാൽ ഫസ്റ്റ് ഫ്‌ലോറിലാണ് കുട്ടികൾക്കുള്ള ഈ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്

കുട്ടികളെ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങളോടെയാണ് ചിൽഡ്രൻസ് കെയർ സെന്റർ ഒരുക്കിയിരിക്കുന്നത്. ഒന്നു മുതൽ 10 വയസ്സു വരെയുള്ള പെൺകുട്ടികൾക്കും ഒന്നു മുതൽ 8 വയസുവരെ പ്രായമായ ആൺകുട്ടികൾക്കുമാണ് പ്രവേശനം.ഐഡന്റിറ്റി കാർഡ്, ഇക്കാമ, പാസ്‌പോർട്ട് ഇതിൽ ഏതെങ്കിലുമൊന്ന് നൽകിയാൽ പ്രവേശനം അനുവദിക്കും. സെന്ററിനു പ്രതിദിനം 1500 കുട്ടികളെ സ്വീകരിക്കാനാവും. വിരുതന്മാരായ കുട്ടികൾക്ക് തുറക്കാനാവാത്ത ഡിജിറ്റൽ സ്മാർട്ട് ഡോറുകളാണ് സെൻററിന്റെ പ്രത്യേകത.

പ്രായവ്യത്യാസമനുസരിച്ച് മൂന്ന് കാറ്റഗറികളായിട്ടാണ് ഇവിടെ കുട്ടികളെ സ്വീകരിക്കുക. ഒരു വയസ്സ് മുതൽ മൂന്നു വയസ്സു വരെ പ്രായമുള്ളവരാണ് ആദ്യ കാറ്റഗറി. നാലു വയസ്സ് മുതൽ ആറു വയസ്സ് വരെയുള്ളവരെയുള്ള രണ്ടാമത്തെ കാറ്റഗറിയിൽപ്പെടുന്നു. മൂന്നാമത്തെ കാറ്റഗറിയിൽ മുതിർന്ന കുട്ടികളാണ്. ഇവിടെ സംസം കിണറിന്റെ ഒരു മാതൃക ഒരുക്കിയതിനാൽ ഈ കാറ്റഗറി സംസം കിണർ എന്നാണ് അറിയപ്പെടുന്നത്.

കുട്ടികളെ പരിചരിക്കുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച വനിത വളണ്ടിയർമാർ ഇവിടെ മുഴുസമയം ഉണ്ടായിരിക്കും. കുട്ടികൾക്കാവശ്യമായ കളിപ്പാട്ടങ്ങൾ, വൈജ്ഞാനികമായ പുസ്തകങ്ങൾ, ഗെയിമുകൾ, മറ്റു ഉപകരണങ്ങൾ എന്നിവ ഇവിടെ കുട്ടികൾക്കായി ലഭിക്കും. പ്രവാചക ചരിത്രം, മക്ക ചരിത്രം എന്നിവ ഉൾക്കൊള്ളുന്ന പുസ്തകങ്ങളും കുട്ടികൾക്ക് വായിക്കാനായി ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള ഭക്ഷണം, ഡൈനിങ് ഹാൾ, ടിവി റൂം, ഉറങ്ങാനുള്ള മുറികൾ എന്നിങ്ങനെ പ്രതേക സൗകര്യങ്ങളുമുണ്ട്.

നിരീക്ഷണ ക്യാമറകളും സ്മാർട്ട് ഡോറുകളും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു. പരിചരണം എന്നതിലുപരി വിശുദ്ധ ഹറമുകളെ കുറിച്ച് അവബോധവും സാംസ്‌കാരികവും വിദ്യാഭ്യാസ പരമായ മൂല്യങ്ങൾ കൂടി വളർത്തിയെടുക്കാൻ കൂടി സഹായിക്കുന്നതാണ് ഈ സെൻറർ. മക്കയുടെ പുരാതനവും ആധുനികവുമായ കാലഘട്ടവുമായി ബന്ധപ്പെട്ട ചരിത്രവും അറിവുകളും കുട്ടികൾക്ക് അനുഭവിക്കാവുന്ന തീമിലാണ് നൂതന ആശയത്തോടെ സെന്ററുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഹജ്ജ് ഹാളിൽ പ്രവേശിക്കുമ്പോൾ ഹജ്ജിന്റെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട രസകരമായ ചലന പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിശീലിക്കാനാവും. ഇതുപോലെ ജംറാത്ത്, ജബലുറഹ്‌മാ, സംസംകിണർ, സഫ, മർവ, ഹിറ -സൗർ ഗുഹകൾ എന്നിവയുടെ സ്റ്റാച്യുകൾ കുട്ടികൾക്ക് ഇതേ കുറിച്ച് അവബോധമുണ്ടാക്കിയെടുക്കാൻ സഹായിക്കും. പ്രതിവർഷം ആകെ തീർഥാടകരുടെ 11% കുട്ടി സന്ദർശകരാണ് എത്തുന്നതെന്നാണ് കണക്ക്. ഇരുഹറം കാര്യലയവും വിവിധ മന്ത്രാലയങ്ങളും ചേർന്നാണ് ഈ പദ്ധതി ഒരുക്കിയിട്ടുള്ളത്. മൂന്നു മണിക്കൂർ ഫ്രീയായാണ് സേവനം ലഭ്യമാവുക മൂന്ന് മണിക്കൂർ മുതൽ ചെറിയ ഫീസും ഈടാക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കുട്ടികളുടെ ഹോസ്പിറ്റാലിറ്റി സെന്ററുമായി ബന്ധപ്പെടാം: 0567858837.

TAGS :

Next Story