ഹജ്ജിനിടെ മലയാളി വ്യവസായി മക്കയിൽ മരിച്ചു
സിൽവാൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വാണിയം പീടിയേക്കൽ ഷുഹൈബ് ആണ് മരണപ്പെട്ടത്

മക്ക: മലപ്പുറം പുത്തനത്താണി സ്വദേശിയും പ്രമുഖ വ്യവസായിയുമായ വാണിയം പീടിയേക്കൽ ഷുഹൈബ് (45) ഹജ്ജ് കർമ്മങ്ങൾക്കിടെ മക്കയിൽ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണം. സിൽവാൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറാണ്.
ഹജ്ജിന്റെ പ്രധാന കർമ്മങ്ങളെല്ലാം പൂർത്തിയാക്കി മിനയിലെ ടെന്റിൽ വിശ്രമിക്കുന്നതിനിടെ ഇന്ന് രാവിലെ ഷുഹൈബിന് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ മിന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ ഗ്രൂപ്പിനൊപ്പമാണ് അദ്ദേഹം ഹജ്ജ് നിർവഹിക്കാൻ എത്തിയിരുന്നത്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് മക്കയിൽ ഖബറടക്കും.
അബൂദബിയിലെ അൽ ബസ്ര ഗ്രൂപ്പ്, പുത്തനത്താണിയിലെ ഹലാ മാൾ, ബേബി വിറ്റ ഫുഡ് പ്രോഡക്ട്‌സ് എന്നീ ബിസിനസ് ഗ്രൂപ്പുകളുടെയും ഡയറക്ടറായിരുന്നു ഷുഹൈബ്.
പിതാവ്: സിൽവാൻ ഗ്രൂപ്പ് ചെയർമാൻ സൈതാലികുട്ടി ഹാജി. മാതാവ്: ആയിശുമോൾ. ഭാര്യ: സൽമ. മക്കൾ: നിദ ഫാത്തിമ, നൈന ഫാത്തിമ, നിഹ ഫാത്തിമ, നൈസ ഫാത്തിമ. സഹോദരങ്ങൾ: സാബിർ (അൽ ബസ്ര ഗ്രൂപ്പ് ഡയറക്ടർ, അബൂദാൃബി), സുഹൈല, അസ്മ.
Adjust Story Font
16

