മക്ക കരാർ: റിയാദിൽ സൈനിക മേധാവിമാരുടെ നിർണായക കൂടിക്കാഴ്ച
സൗദിയുടെ സുരക്ഷയും പരമാധികാരവും കാക്കാൻ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

റിയാദ്: മക്ക സംയുക്ത പ്രതിരോധ കരാർ ഉടൻ നടപ്പാക്കാനും സുരക്ഷാ മേഖലയിൽ കൂട്ടായ പ്രതിരോധം ശക്തമാക്കാനും സൗദി , പാകിസ്താൻ, തുർക്കി രാജ്യങ്ങൾ. വെള്ളിയാഴ്ച റിയാദിൽ ചേർന്ന മൂന്ന് രാജ്യങ്ങളുടെയും പ്രതിരോധ-സൈനിക മേധാവിമാരുടെ സുപ്രധാന യോഗത്തിലാണ് ഈ ധാരണയായത്. സൗദിയുടെ പരമാധികാരവും അതിർത്തി സുരക്ഷയും കാത്തുസൂക്ഷിക്കാൻ തങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് യോഗത്തിന് ശേഷം നേതാക്കൾ വ്യക്തമാക്കി. സൗദിക്ക് നേരെയുണ്ടാകുന്ന ഏത് നീക്കത്തെയും സംയുക്തമായി ചെറുക്കുമെന്ന ദൃഢനിശ്ചയമാണ് ഈ കൂടിക്കാഴ്ചയിലൂടെ മൂന്ന് രാജ്യങ്ങളും പ്രഖ്യാപിച്ചത്.
മേഖലയിലെ നിലവിലെ സുരക്ഷാ വെല്ലുവിളികളും ഭീഷണികളും യോഗം വിശദമായി വിലയിരുത്തി. മക്കയെയും സൗദിയുടെ സാമ്പത്തിക-ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളെ സൈനിക മേധാവിമാർ ശക്തമായി അപലപിച്ചു. പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിലും രാജ്യത്തെ സംരക്ഷിക്കുന്നതിലും സൗദി സായുധ സേന പുലർത്തുന്ന ജാഗ്രതയെയും പ്രൊഫഷണലിസത്തെയും യോഗം അഭിനന്ദിച്ചു. യെമനിൽ നിന്നടക്കമുള്ള സുരക്ഷാ ഭീഷണികൾ നേരിടുന്ന പശ്ചാത്തലത്തിൽ, സൗദിയുടെ പ്രതിരോധ കവചം കൂടുതൽ കരുത്തുറ്റതാക്കാൻ സുഹൃദ് രാജ്യങ്ങൾ ഒപ്പമുണ്ടാകുമെന്ന് നേതാക്കൾ ഉറപ്പുനൽകി.
മൂന്ന് രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള വഴികളും ചർച്ചയിൽ പ്രധാന വിഷയമായി. രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കൽ, തന്ത്രപ്രധാന സൈനിക ഏകോപനം, പ്രതിരോധ ശേഷികളുടെ സംയോജനം എന്നിവയിലൂടെ പ്രതിരോധ മികവ് വർധിപ്പിക്കാൻ ധാരണയായി. ജനങ്ങൾ തമ്മിലുള്ള ദീർഘകാല സൗഹൃദവും പരസ്പര വിശ്വാസവുമാണ് ഈ കൂട്ടായ്മയുടെ അടിത്തറയെന്ന് ചൂണ്ടിക്കാട്ടിയ മേധാവിമാർ, മക്ക കരാറിലെ വ്യവസ്ഥകൾ അടിയന്തരമായി പൂർണതോതിലുള്ള സൈനിക സഹകരണമാക്കി മാറ്റുമെന്നും വ്യക്തമാക്കി.
കൂടാതെ സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനും പാകിസ്താൻ സൈനിക മേധാവി അസിം മുനീറുമായി റിയാദിൽ ചർച്ച നടത്തി. മക്കയ്ക്കു നേരെയുണ്ടായ ഹീനമായ നീക്കങ്ങളെ ഗൗരവത്തോടെ വിലയിരുത്തിയ ഇരുനേതാക്കളും, ഇത്തരം ഭീഷണികളെ ചെറുക്കാൻ മക്ക സംയുക്ത പ്രതിരോധ കരാർ പ്രകാരമുള്ള ഒരുമിച്ചുള്ള നീക്കങ്ങൾ ശക്തമായി തുടരുമെന്ന് വ്യക്തമാക്കി. സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസാഇദ് അൽ ഐബാൻ, ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലഫ്. ജനറൽ ഫയ്യാദ് അൽ റുവൈലി, ഇന്റലിജൻസ് ഉപദേഷ്ടാവ് ഹിഷാം ബിൻ സൈഫ് എന്നിവരും ഉന്നത പാക് സൈനിക പ്രതിനിധികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു
Adjust Story Font
16

