'മക്കയിലേക്കും മദീനയിലേക്കുമുള്ള ആക്രമണങ്ങൾ വിശ്വാസികൾക്കെതിരെ'; ഹൂതി ആക്രമണങ്ങൾക്കെതിരെ മക്ക, മദീന ഇമാമുമാർ
പ്രതികരണം ഇന്ന് നടന്ന ജുമുഅ പ്രഭാഷണത്തിൽ

മക്ക: ഹൂതി ആക്രമണങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി മക്ക, മദീന ഇമാമുമാർ. ഇന്ന് നടന്ന ജുമുഅ പ്രഭാഷണത്തിലാണ് ഹൂതികൾക്കെതിരെ സംസാരിച്ചത്. പുണ്യനഗരങ്ങളായ മക്ക, മദീന എന്നിവക്ക് നേരെയടക്കം ആക്രമണം നടന്നത് സൂചിപ്പിച്ചാണ് ഹൂതികൾക്കെതിരെ കടുത്ത ഭാഷയിൽ ഇമാമുമാരുടെ സംസാരം. മക്കയിലേക്കും മദീനയിലേക്കും നടക്കുന്ന ആക്രമണങ്ങൾ വിശ്വാസികൾക്കെതിരെയാണെന്ന് ഹറം ഇമാം ശൈഖ് ഡോ. അബ്ദുറഹ്‌മാൻ അൽ സുദൈസ് പറഞ്ഞു. ആക്രമണങ്ങൾ ശരീഅത്തിനും അന്താരാഷ്ട്ര നിയമങ്ങൾക്കും എതിരാണെന്നും മുസ്‌ലിം വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി. ഹറമുകളുടെ സുരക്ഷയും വിശുദ്ധിയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും പറഞ്ഞു.
ദൈവത്തിന്റെ ഭവനം ഏറ്റവും പവിത്രമായതാണ്. അവിടെ പാപം ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് കഠിനമായ ശിക്ഷയുണ്ടാകുമെന്ന് ദൈവം പറഞ്ഞിട്ടുണ്ടെന്ന് മദീന ഇമാം ഡോ. ഖാലിദ് അൽമുഹന്ന പറഞ്ഞു. ഖുർആനിൽ പറഞ്ഞ ആനപ്പടയുടെ ചരിത്രം ഓർമിപ്പിച്ചാണ് ഇമാമിന്റെ താക്കീത്. ദൈവത്തിന്റെ ഭവനം പവിത്രമായ സ്ഥലമാണെന്നും അവിടെ അതിക്രമം നടത്തുന്നവർക്ക് ആനപ്പടയെപ്പോലെ ശിക്ഷ ലഭിക്കുമെന്നും പറഞ്ഞു. രാജ്യസുരക്ഷയുമായും വിശുദ്ധ കേന്ദ്രങ്ങളുടെ സംരക്ഷണവുമായും ബന്ധപ്പെട്ട പ്രാർഥനകളും ഇരു ഹറമുകളിലും നടന്നു.
Adjust Story Font
16

