വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന ഉംറ തീർഥാടകർക്ക് ഇൻഷൂറൻസ് നിർബന്ധമാക്കി ഹജ്ജ് ഉംറ മന്ത്രാലയം
ഒരു ലക്ഷം റിയാൽ വരെയാണ് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുക

ജിദ്ദ: വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന ഉംറ തീർഥാടകർക്ക് ഇൻഷൂറൻസ് നിർബന്ധമാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. തീർഥാടകർ അഭിമുഖീകരിക്കാൻ സാധ്യതയുള്ള നിരവധി സാഹചര്യങ്ങളിൽ പരിരക്ഷ ലഭിക്കും വിധമാണ് ഉംറ ഇൻഷൂറൻസ് പോളിസി. അടിയന്തിര സാഹചര്യങ്ങളിലെ ചികിത്സ, കോവിഡ് ചികിത്സ ആശുപത്രിവാസം, അടിയന്തിര പ്രസവം, എമർജൻസി ഡെന്റൽ കേസുകൾ, വാഹനപകടങ്ങൾ, എമർജൻസി ഡയാലിസിസ് കേസുകൾ എന്നിവക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും.
കൂടാതെ ആകസ്മികമായുണ്ടാകുന്ന ശാശ്വത അംഗവൈകല്യം, അപകട മരണം, പ്രകൃതി ദുരന്തങ്ങൾ മൂലമുള്ള മരണം, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകൽ, വിമാനം പുറപ്പെടാൻ വൈകുകകയോ, യാത്ര റദ്ദാക്കുകയോ ചെയ്യൽ തുടങ്ങി നിരവധി സാഹചര്യങ്ങളിൽ തീർഥാടകർക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഓരോ തീർഥാടകനും ഒരു ലക്ഷം സൌദി റിയാൽ വരെയുളള പരിരക്ഷയാണ് ലഭിക്കുക. ഇതിനായി പ്രത്യേകമായ ഫീസ് അടക്കേണ്ടതില്ല. വിസ ഫീസിൽ ഉംറ ഇൻഷൂറൻസ് പോളിസിയും ഉൾപ്പെടുമെന്നും സൌദിക്ക് പുറത്ത് നിന്ന് വരുന്ന ഓരോ തീർഥാടകനും ഇൻഷൂറൻസ് നിർബന്ധമാണെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
Adjust Story Font
16

