സൗദിയിൽ വിമാന നിർമാതാക്കളുടെ പുതിയ അസോസിയേഷൻ രൂപീകരിച്ച് വ്യവസായ മന്ത്രാലയം
വിമാനങ്ങളുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമാണത്തിൽ പ്രാദേശിക ഉള്ളടക്കം വർധിപ്പിക്കുക ലക്ഷ്യം

റിയാദ്: സൗദിയുടെ വ്യോമയാന വ്യവസായത്തിന് കൂടുതൽ കരുത്തേകാൻ പുതിയ ചുവടുവെപ്പുമായി വ്യവസായ മന്ത്രാലയം. മേഖലയിലെ പ്രാദേശികവൽകരണം ലക്ഷ്യമിട്ട് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിമാന നിർമാതാക്കളുടെ അസോസിയേഷൻ സ്ഥാപിച്ചതായി മന്ത്രാലയം പ്രഖ്യാപിച്ചു. വ്യവസായത്തിന്റെ മത്സരക്ഷമത വർധിപ്പിക്കാനും,
സാങ്കേതികവിദ്യകളും നൂതനമായ വ്യാവസായിക പരിഹാരങ്ങളും കൈമാറ്റം ചെയ്യാനും കൂട്ടായ്മ പ്രവർത്തിക്കും. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനത്തോടനുബന്ധിച്ചാണ് അസോസിയേഷന്റെ പ്രഖ്യാപനം. വിമാനങ്ങളുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമാണത്തിൽ പ്രാദേശിക ഉള്ളടക്കം വികസിപ്പിക്കുന്നതിനുള്ള സംരംഭങ്ങളെ പിന്തുണയ്ക്കുക എന്നതാണ് ഈ അസോസിയേഷന്റെ പ്രധാന ലക്ഷ്യം. കൺസൾട്ടിങ് സേവനങ്ങൾ നൽകുക, ഈ മേഖലയിലെ മികച്ച നിക്ഷേപ അവസരങ്ങളെക്കുറിച്ച് അവബോധം നൽകുക, പ്രത്യേക പ്രദർശനങ്ങളിലും പരിപാടികളിലും പങ്കെടുക്കുക എന്നിവയും അസോസിയേഷന്റെ ദൗത്യങ്ങളിൽ ഉൾപ്പെടുന്നു.
കൂടാതെ യുവ സൗദി പൗരന്മാർക്ക് പ്രൊഫഷണൽ പരിശീലന, യോഗ്യതാ പരിപാടികൾ സംഘടിപ്പിക്കും. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ശാസ്ത്ര സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവയുമായി പങ്കാളിത്തവും സഹകരണവും സ്ഥാപിക്കാനും അസോസിയേഷൻ മുൻകൈയെടുക്കും.
Adjust Story Font
16

