സൗദിയിലേക്ക് വീണ്ടും കൂടുതൽ താരങ്ങൾ; ബ്രസീൽ താരമായ ഫാബിഞ്ഞോയും വരുന്നു
അൽ അഹ്‍ലിയുടെ മാനേജർ സ്ഥാനത്തേക്ക് മത്തിയാസ് ജെയ്‌സലിനെയും നിയമിച്ചു

സൗദിയിലേക്ക് കൂടുതൽ ഫുട്ബോൾ താരങ്ങൾ വീണ്ടും എത്തുന്നു. ബ്രസീൽ താരമായ ലിവർപൂൾ മിഡ്ഫീൽഡർ ഫാബിഞ്ഞോയും, ന്യൂ കാസിൽ വിങർ സെന്റ് മാക്സിമിനുമാണ് പുതുതായി സൗദിയിലേക്കെത്തുന്നത്. അൽ അഹ്‍ലിയുടെ മാനേജർ സ്ഥാനത്തേക്ക് മത്തിയാസ് ജെയ്‌സലിനെയും നിയമിച്ചു.
സൗദി അറേബ്യൻ വമ്പൻമാരായ അൽ അഹ്ലി അവരുടെ പുതിയ പരിശീലകനെ നിയമിച്ചതാണ് പ്രധാന നീക്കം. മൂന്ന് വർഷത്തെ കരാറിൽ മുൻ RB സാൽസ്‌ബർഗ് മത്തിയാസ് ജെയ്‌സലിനെ ആണ് ജിദ്ദ ആസ്ഥാനമായുള്ള അൽ അഹ്ലി സ്വന്തമാക്കിയത്. കരാറിലായിരിക്കെ ഒരു പുതിയ ക്ലബ്ബുമായി ചർച്ചകളിൽ ഏർപ്പെട്ടതിന് 35-കാരനായ ജെയ്സലിനെ സാൽസ്ബർഗ് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. യൂറോപ്പിലെ ഏറ്റവും മികച്ച യുവ മാനേജർമാരിൽ ഒരാളാണ് ജെയ്സൽ.
ന്യൂ കാസിൽ വിങർ സെന്റ് മാക്സിമിൻ സൗദിയുടെ അൽ അഹ്‍ലിയിലേക്കെത്തി. അൽ അഹ്‍ലിയിലേക്കുള്ള മെഡിക്കൽ പരിശോധന അലൻ സെന്റ് മാക്സിമിൻ നേരത്തെ പൂർത്തിയിക്കിയിരുന്നു. ബ്രസീൽ താരമായ ലിവർപൂൾ മിഡ്ഫീൽഡർ ഫാബിഞ്ഞോയും ഇനി സൗദിയിലേക്കാണ്. മൂന്ന് വർഷത്തേക്കാണ് കരാർ ഒപ്പിടുകയെന്ന് റിപ്പോർട്ടുകൾ. അൽ ഇത്തിഹാദിനൊപ്പമാണ് 29കാരനായ ഫാബിഞ്ഞോ ചേരുക. ഇതോടൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ഗോൾകീപ്പർ ഡേവിഡ് ഡി ഹിയക്കായി സൗദിയിലെ രണ്ട് ക്ലബ്ബുകൾ ഓഫർ നൽകിതായും റിപ്പോർട്ടുകളുണ്ട്. മുൻ ലിവർപൂൾ താരം റോബർട്ടോ ഫിർമിനോ, മുൻ ചെൽസി ഗോൾകീപ്പർ എഡ്വാർഡ് മെൻഡി, മാഞ്ചസ്റ്റർ സിറ്റി വിട്ട റിയാദ് മഹ്‌റസ് തുടങ്ങിയ വൻ സൈനിംഗുകൾ നടത്തി അൽ അഹ്ലി പുതിയ സീസണ് ഒരുങ്ങി കഴിഞ്ഞു.
ക്രിസ്റ്റ്യാനോയുടെ വരവോടെ, സൗദി ഭരണകൂടം നാല് ക്ലബ്ബുകളുടെ ഉടമസ്ഥാവകാശം നേരിട്ട് ഏറ്റെടുത്തിരുന്നു. കൂടുതൽ താരങ്ങൾ എത്താൻ തുടങ്ങിയത്. ഭരണകൂടത്തിന് കീഴിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലേക്കാണ് സൗദിയിലെ സുപ്രധാനമായ നാലു ക്ലബ്ബുകളെ കമ്പനിയാക്കി മാറ്റിയത്. സമ്മർ ട്രാൻസ്ഫർ സമയമായതിനാൽ വരും ദിനങ്ങളിലും താരങ്ങളുടെ ഒഴുക്ക് തുടരും.
Adjust Story Font
16

