ഹജ്ജിനായി 5 ലക്ഷത്തിലേറെ തീർത്ഥാടകർ സൗദിയിലെത്തി
ഇന്ത്യയിൽ നിന്നും 60,000 തീർത്ഥാടകർ എത്തി

മക്ക: ഈ വർഷത്തെ ഹജ്ജിനായി 5 ലക്ഷത്തിലേറെ തീർത്ഥാടകർ സൗദിയിലെത്തി. കടൽ മാർഗവും കര മാർഗവും വഴി തീർത്ഥാടകരുടെ വരവ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള 60,000 ഹാജിമാരാണ് ഇതുവരെ എത്തിയത്.
വിമാന മാർഗമാണ് ഏറ്റവും കൂടുതൽ തീർത്ഥാടകർ രാജ്യത്തേക്ക് പ്രവേശിച്ചത്. 6 വിമാനത്താവളങ്ങൾ വഴി 4,93,125 തീർത്ഥാടകർ എത്തിയിട്ടുണ്ട്. കപ്പൽ മാർഗം സുഡാനിൽ നിന്ന് 1422 ഹാജിമാർ കഴിഞ്ഞദിവസം ജിദ്ദ ഇസ്ലാമിക് പോർട്ടിൽ ഇറങ്ങിയിരുന്നു.
ഇറാഖിൽ നിന്നായിരുന്നു കര മാർഗമുള്ള ആദ്യ സംഘം. ഇതുവരെ 10,117 പേർ വിവിധ ബോർഡറുകൾ വഴി രാജ്യത്തേക്ക് പ്രവേശിച്ചു. ശനിയാഴ്ച വരെ 36% ഹാജിമാർ രാജ്യത്ത് എത്തിയിട്ടുണ്ടെന്നാണ് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇന്ത്യയിൽ നിന്ന് 60,286 ഹാജിമാർ മക്കയിലും മദീനയിലുമായി എത്തി. ഇതിൽ 18000 തീർത്ഥാടകർ മദീന സന്ദർശനത്തിലാണ്. കേരളത്തിൽ നിന്നുള്ള ഹാജിമാർ കണ്ണൂർ, കോഴിക്കോട്, കൊച്ചി എംബാർക്കേഷൻ പോയിന്റുകളിൽ നിന്ന് ജിദ്ദ വഴിയുള്ള വരവ് തുടരുകയാണ്. ഹജ്ജിന് ശേഷമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ ഹാജിമാരുടെ മദീന സന്ദർശനം.
Adjust Story Font
16

