Quantcast

ഐക്യം മുറുകെപ്പിടിച്ച് മുസ്‌ലിം സംഘടനകൾ മുന്നോട്ടു പോകണം: മുസ്‌ലിം കോഡിനേഷൻ കമ്മിറ്റി സ്‌നേഹ വിരുന്ന്

റഹ്‌മത്ത് ഇലാഹി നദ്‌വി ബലിപെരുന്നാൾ സന്ദേശം നൽകി

MediaOne Logo

Web Desk

  • Published:

    13 Jun 2025 10:41 PM IST

Muslim organizations should move forward with unity: Muslim Coordination Committee gathering
X

റിയാദ്: റിയാദിലെ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയായ മുസ്‌ലിം കോഡിനേഷൻ കമ്മിറ്റി ബലിപെരുന്നാളിനോടനുബന്ധിച്ച് സ്‌നേഹവിരുന്ന് നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കളും എക്‌സിക്യൂട്ടീവ് അംഗങ്ങളും വിരുന്നിൽ പങ്കെടുത്തു. മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ഉസ്മാൻ അലി പാലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ സി പി മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു.

ജനറൽ കൺവീനർ റഹ്‌മത്ത് ഇലാഹി നദ്‌വി ബലിപെരുന്നാൾ സന്ദേശം നൽകി. മഹാനായ പ്രവാചകൻ ഇബ്രാഹിമിന്റെയും മകൻ ഇസ്മാഈലിന്റെയും ത്യാഗോജ്വലമായ ജീവിതത്തെ അനുസ്മരിക്കുന്ന ബലിപെരുന്നാൾ മഹത്തായ ഒരു ദർശനത്തെയും നാഗരികതയെയും ഓർമിപ്പിക്കുന്നുവെന്നും അതിന്റെ കാലാവർത്തിയായ അടയാളങ്ങളാണ് ഹജ്ജിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളീയ മുസ്‌ലിംകളുടെ ഉണർവിന്റെ കാരണം സംഘടിത പോരാട്ടവും പൂർവികരുടെ സമർപ്പണവുമാണെന്നും പുതിയകാലത്ത് ബൗദ്ധികമായ നേതൃത്വം ഉയർന്നുവരേണ്ടതുണ്ടെന്നും ആശംസ പ്രസംഗം നിർവഹിച്ച കെഎംസിസി പ്രതിനിധി സത്താർ താമരത്ത് പറഞ്ഞു.

ഐക്യവും സഹവർത്തിത്വവും മുറുകെപ്പിടിച്ച് മുന്നോട്ടു പോകുവാനാണ് സംഘടനകൾ ശ്രമിക്കേണ്ടതെന്ന് ആർഐഐസി പ്രതിനിധി അഡ്വ. അബ്ദുൽ ജലീൽ പറഞ്ഞു.

പുരോഗതിയുടെ ആണിക്കല്ല് വിദ്യാഭ്യാസമാണെന്ന് മനസ്സിലാക്കി ഈ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങളിറക്കാനും സിവിൽ സർവീസ് രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും എംഇഎസ് പ്രതിനിധി നവാസ് റഷീദ് അഭിപ്രായപ്പെട്ടു.

ലത്തീഫ് മാനിപുരം(ഐ സി എഫ്) സയ്യിദ് സുല്ലമി (എസ് ഐ ഐ സി) അബ്ദുല്ലത്തീഫ് ഓമശ്ശേരി(തനിമ) അർഷാദ് തങ്ങൾ( ജംഇയ്യത്തുൽ ഉലമ) ശുഐബ് വേങ്ങര (എസ് ഐ സി) അഫ്ഹം അൽ ഹികമി(ആർ ഐ സി സി) മുനീബ് (സിജി) ഡോക്ടർ അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി ജോയിൻറ് കൺവീനർ ഷാഫി തുവൂർ സ്വാഗതവും ഫൈനാൻസ് സെക്രട്ടറി സിറാജ് നന്ദിയും പറഞ്ഞു.

TAGS :

Next Story